ഇടുക്കി: മൂന്നാർ കന്നിമലയിൽ കാട്ടാന ആക്രമണത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറായ സുരേഷ് കുമാര്‍ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് മൂന്നാറിൽ എല്‍ഡിഎഫ്- യുഡിഎഫ് ഹര്‍ത്താൽ. കെഡിഎച്ച് വില്ലേജ് പരിധിയിലാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. കോൺഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം, ആക്രമണത്തിൽ കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവർ സുരേഷ് കുമാറിന്‍റെ (45) പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. അപകടത്തിൽ പരിക്കേറ്റ 2 പേർ മൂന്നാർ ടാറ്റാ ടീ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സുരേഷ് കുമാറിന്റെ ഓട്ടോയിലുണ്ടായിരുന്നു യാത്രക്കാരായ എസക്കി രാജ (45), ഭാര്യ റെജിന (39) എന്നിവര്‍ക്കാണ് തിങ്കളാഴ്ച രാത്രി 9.30നുണ്ടായ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റത്.
കന്നിമല എസ്റ്റേറ്റ് ബംഗ്ലാവിനു സമീപത്തുവച്ചാണ് ഇവർ കാട്ടാനയുടെ മുന്നിലകപ്പെട്ടത്. ഓട്ടോ കുത്തി മറിച്ചിട്ട കാട്ടാന വാഹനത്തില്‍ നിന്നും തെറിച്ചു വീണ മണിയെ തുമ്പിക്കൈയില്‍ ചുഴറ്റിയെടുത്ത് എറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തെറിച്ചു വീണ മണിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.