എസ്ഐ വാഹനം പിടിച്ചുവച്ച് മാനസികമായി പീഡിപ്പിച്ചു: ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയിൽ പരാതിയുമായി കുടുംബം

ഓട്ടോ റിക്ഷ പൊലീസ് പിടിച്ചുവച്ചിട്ട് നാല് ദിവസമായെന്നും വീട് പട്ടിണിയിലായതിനാൽ ആത്മഹത്യ ചെയ്യുകയാണെന്നും ഫെയ്​സ്ബുക്ക് ലൈവിലൂടെ അബ്ദുൾ സത്താർ
auto drivers suicide family  accused police of harassment
എസ്ഐ വാഹനം പിടിച്ചുവെച്ച് മാനസികമായി പീഡിപ്പിച്ചു : ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയിൽ പരാതിയുമായി കുടുംബം
Updated on

കാസർഗോഡ്: ഓട്ടോ റിക്ഷ ഡ്രൈവറായിരുന്ന അബ്ദുൾ സത്താറിന്‍റെ ആത്മഹത്യയിൽ പൊലീസിനെതിരേ പരാതിയുമായി കുടുംബം. പൊലീസുകാരനായ അനൂപിൽ നിന്നു നേരിട്ട മാനസിക പീഡനത്തിൽ മനംനൊന്താണ് സത്താർ ആത്മഹത്യ ചെയ്തതെന്നും പൊലീസുകാരനെതിരേ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്നുമാണ് അബ്ദുൾ സത്താറിന്‍റെ കുടുംബത്തിന്‍റെ ആവശ്യം.

ഓട്ടോ റിക്ഷ പൊലീസ് പിടിച്ചുവെച്ചിട്ട് നാല് ദിവസമായെന്നും വീട് പട്ടിണിയിലായതിനാൽ ആത്മഹത്യ ചെയ്യുകയാണെന്നും ഫെയ്​സ്ബുക്ക് ലൈവിലൂടെ പുറംലോകത്തെ അറിയിച്ചശേഷമാണ് അറുപതുകാരനായ അബ്ദുൾ സത്താർ വാടക മുറിയിൽ ജീവനൊടുക്കിയത്. ലൈവ് കണ്ട് താമസസ്ഥലത്തേക്ക് ആളുകൾ എത്തുമ്പൊഴേക്കും മരണം സംഭവിച്ചിരുന്നു.

മരിക്കുന്നതിന്‍റെ തലേദിവസം വണ്ടി പൊലീസ് വിട്ടുകൊടുക്കാത്തതിന്‍റെ നിരാശയും പ്രയാസവും സത്താർ പങ്കുവച്ചിരുന്നുവെന്നും ഒരു ബന്ധു പറഞ്ഞു. ‌മരണകാരണമായത് എസ്ഐയുടെ ധാർഷ്ട്യമെന്ന് കുടുംബം‍ ആരോപിച്ചു. ഡിവൈഎസ്പി പറഞ്ഞിട്ടും എസ് ഐ വണ്ടി വിട്ടുകൊടുത്തില്ലെന്നാണ് ആരോപണം.

കർണാടക മംഗളൂരു സ്വദേശിയായ അബ്ദുൽ സത്താർ അഞ്ച് വർഷത്തോളമായി കാസർഗോട്ട് ഓട്ടോ ​​ഡ്രൈവറാണ്. റെയിൽവേ സ്റ്റേഷനു സമീപത്തെ ക്വാർട്ടേഴ്‌സിൽ 250 രൂപ ദിവസവാടകയ്ക്കാണ് താമസം. മരിക്കുന്നതിന് നാല് ദിവസം മുമ്പ്, വൈകിട്ട് കാസർഗോഡ് നെല്ലിക്കുന്ന് ഗീത ജങ്ഷൻ റോഡിൽ വച്ച് അബ്ദുൽ സത്താർ ഓടിച്ച ഓട്ടോറിക്ഷ പൊതുജനങ്ങൾക്കും യാത്രക്കാർക്കും മാർഗതടസമുണ്ടാക്കിയെന്ന് പറഞ്ഞാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

വായ്പയെടുത്താണ് ഓട്ടോ റിക്ഷ വാങ്ങിയതെന്നും ഹൃദ്രോഗിയാണെന്നും ഓട്ടോ റിക്ഷ വിട്ടുതരണമെന്നും കരഞ്ഞുപറഞ്ഞിട്ടും പലതവണ പൊലീസ് സ്റ്റേഷൻ കയറി ഇറങ്ങിയിട്ടും എസ്ഐ അനൂപ് ഓട്ടോ റിക്ഷ വിട്ടുനൽകിയില്ലെന്നാണ് പരാതി. തുടർന്ന് സത്താർ കാസർഗോഡ് ഡിവൈഎസ്‌പി സി.കെ. സുനിൽകുമാറിന്‍റെ ഓഫീസിൽ നേരിട്ടെത്തി പരാതി അറിയിച്ചു. പിഴയടച്ച് വണ്ടി വിട്ടുകൊടുക്കാൻ ഡിവൈഎസ്‌പി നിർദേശം നൽകിയെങ്കിലും എസ്ഐ വണ്ടി വിട്ടുനൽകാൻ തയ്യാറായില്ലെന്നും, ഇന്ന് വാ, നാളെ വാ എന്ന് പറഞ്ഞ് പീഡിപ്പിക്കുകയായിരുന്നു എന്നും സത്താർ ഫെയ്​സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നുണ്ട്.

കാസർഗോട്ട് സത്താർ താമസിക്കുന്ന മുറി വാടക, മം​ഗലാപുരത്ത് കുടുംബം താമസിക്കുന്ന വീടിന്‍റെ വാടക, വീട്ടുചെലവ്, 23ഉം 12ഉം വയസുള്ള കുട്ടികളുടെ പഠനം, ഓട്ടോ റിക്ഷയുടെ ലോൺ, ഹൃദ്രോ​ഗിയായ സത്താറിന്‍റെ മരുന്നിനുള്ള പണം തുടങ്ങി എല്ലാം ചെലവുകളും ഓട്ടോ റിക്ഷ ഓടിച്ച് കിട്ടുന്ന പണം കൊണ്ടാണ് സത്താർ നടത്തിപ്പോന്നത്. അഞ്ച് ദിവസം വണ്ടി സ്റ്റേഷനിൽ പിടിച്ചിട്ടതോടെ സത്താർ മാനസികമായി തളർന്നുപോയെന്നും ഈ വിഷമം മരിക്കുന്നതിന്‍റെ തലേദിവസം വിളിച്ചപ്പോൾ പറഞ്ഞിരുന്നെന്നും ബന്ധു പറയുന്നു.

Trending

No stories found.

Latest News

No stories found.