പത്തനംതിട്ട: സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചു നീക്കുന്നതിന്‍റെ ഭാഗമായുള്ള മൈക്രോപ്ലാന്‍ രൂപീകരണം, അവകാശം അതിവേഗം പദ്ധതിയുടെ പൂര്‍ത്തികരണം എന്നിവയുടെ സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഏപ്രില്‍ 24ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ എന്നിവര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
തദ്ദേശ സ്വയം ഭരണ, ഏക്‌സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് ചടങ്ങില്‍ അധ്യ ക്ഷത വഹിക്കും. അതിദരിദ്രര്‍ക്കുള്ള റേഷന്‍ കാര്‍ഡ് വിതരണം ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ നിര്‍വഹിക്കും. അതി ദരിദ്രര്‍ക്കുള്ള ആരോഗ്യ ഉപകരണ വിതരണം ആരോഗ്യം, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. അതി ദരിദ്രര്‍ക്കുള്ള ഉപ ജീവന ഉപാധി വിതരണം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. ആന്റോ ആന്‍റണി എംപി മുഖ്യ അതിഥിയാകും. എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, എല്‍എസ്ജിഡി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി. രാജ മാണിക്യം, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കിര്‍ ഹുസൈന്‍, ജന പ്രതിനിധികള്‍, വിവിധ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യം എന്നീ നാലു ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് അതി ദാരിദ്ര്യരെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ തയാറാക്കിയിട്ടുള്ളത്. വിപുലമായ ജനപങ്കാളിത്തത്തിലൂടെയും ശാസ്ത്രീയ രീതികളിലൂടെയും നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയും സംസ്ഥാനത്ത് 64006 അതി ദാരിദ്രരെ കണ്ടെത്തുകയുണ്ടായി. ഓരോ കുടുംബത്തിന്‍റെയും അതിദാരിദ്ര്യാവസ്ഥ മാറ്റുന്നതിനുള്ള നടപടികള്‍ ഉള്‍പ്പെടുത്തി മൈക്രോ പ്ലാനുകള്‍ തയാറാക്കുന്നതിനോടൊപ്പം ഗുണഭോക്താക്കളില്‍ അവകാശ രേഖകള്‍ ഇല്ലാത്തവര്‍ക്ക് അത് ലഭ്യമാക്കാന്‍ വേണ്ടി അവകാശം അതി വേഗം എന്ന പ്രത്യേക പദ്ധതി രൂപപ്പെടുത്തുകയും ചെയ്തു. അഞ്ചു വര്‍ഷം കൊണ്ടു സംസ്ഥാനത്ത് അതി ദാരിദ്ര്യം ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം . ആശ്രയ പദ്ധതിയുടെ പരിധിയില്‍ വരേണ്ടതും എന്നാല്‍ ഉള്‍പ്പെടാതെ പോയവരുമായ അതിദരിദ്രരെ കണ്ടെത്തി അവരെ അതില്‍ നിന്നും മോചിപ്പിക്കുന്നതിനുള്ള സഹായവും, പദ്ധതികളും മൈക്രോ പ്ലാനിലൂടെ നടപ്പാക്കുക എന്നതാണ് അതിദാരിദ്ര്യ നിര്‍മാര്‍ജന ഉപപദ്ധതിയുടെ ലക്ഷ്യം.