വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ 4 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും ജാമ്യം; പൊലീസിന് രൂക്ഷ വിമർശനം

ജാമ്യം നൽകിയാൽ പ്രതികൾ തെളിവുനശിപ്പിക്കുമെന്ന പ്രോസിക്യൂഷൻ വാദം കോടതി തള്ളി
യൂത്ത് കോൺഗ്രസ്
യൂത്ത് കോൺഗ്രസ്file
Updated on

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ തെരഞ്ഞെടുപ്പു കമ്മീഷന്‍റെ പേരിൽ വ്യാജ തിരിച്ചറിയൽ രേഖകളുണ്ടാക്കിയ സംഭവത്തിൽ പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം. പൊലീസ് വാദങ്ങൾ തള്ളിയ സിജെഎം കോടതി 4 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫെനി നൈനാൻ ഒന്നാം പ്രതിയും ബിനിൽ ബിനു രണ്ടാം പ്രതിയും അഭിനന്ദ് വിക്രം മൂന്നാം പ്രതിയും വികാസ് നാലാം പ്രതിയുമാണ്.

രാജ്യദ്രോഹകുറ്റമാണ് നടന്നതെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും പൊലീസിന് തെളിവുകൾ ഹാജരാക്കാനായില്ല. തുടർന്ന് കോടതി പൊലീസിന്‍റെ കസ്റ്റഡി അപേക്ഷ തള്ളുകയായിരുന്നു. ക്രിമിനൽ നടപടി ചട്ടങ്ങൾ പാലിക്കാത്ത അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടികളിൽ കോടതി ആശങ്ക രേഖപ്പെടുത്തി.പ്രതികളെ പിടിക്കാനായി അന്വേഷണ സംഘം രണ്ടു ജില്ലകൾ കടന്നു പോയി പരിശോധന നടത്തിയെങ്കിലും നിയമപ്രകാരമുള്ള അനുമതി തേടിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ജാമ്യം നൽകിയാൽ പ്രതികൾ തെളിവുനശിപ്പിക്കുമെന്ന പ്രോസിക്യൂഷൻ വാദം കോടതി തള്ളി. പ്രതികൾ കംപ്യൂട്ടറിലെയും മൊബൈലിലെയും തെളിവുകൾ നശിപ്പിച്ചെന്നാണ് പൊലീസ് വാദിച്ചത്. തെളിവുകൾ നശിപ്പിച്ചെങ്കില്‍ എന്തിനാണ് കസ്റ്റഡിയുടെ ആവശ്യമെന്നും കോടതി ചോദിച്ചു. തെളിവുകള്‍ നശിപ്പിച്ചാൽ സൈബർ വിദഗ്ദരുടെ സഹായത്തോടെ അവ കണ്ടെത്താമല്ലോയെന്നും കോടതി ചോദിച്ചു.

27 വരെ അന്വേഷണ സംഘത്തിന് മുന്നിൽ പ്രതികൾ ചോദ്യം ചെയ്യലിന് ഹാജരാവണമെന്നും കോടതി വ്യക്തമാക്കി. അതു കഴിഞ്ഞുള്ള ഒരു മാസം ചൊവ്വ, ശനി ദിവസങ്ങളിലും പിന്നീടുള്ള ഒരു മാസം എല്ലാ ശനിയാഴ്ചയും ഹാജരാവണം. പ്രതികൾ രാജ്യം വിട്ട് പോവരുതെന്നും കോടതി നിർദേശമുണ്ട്.

Trending

No stories found.

Latest News

No stories found.