കൊച്ചി: സിബിൽ സ്കോർ കുറവാണെന്നതു കൊണ്ട് മാത്രം ബാങ്കുകൾക്ക് വിദ്യാർഥികളുടെ വിദ്യാഭ്യാസ വായ്പ നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി. വിദ്യാർഥികൾ നാളത്തെ രാഷ്ട്ര നിർമാതാക്കളാണെന്നുംവിദ്യാഭ്യാസ അപേക്ഷകളിൽ മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.
ആലുവ സ്വദേശിയായ നോയൽ പോൾ ഫ്രെഡി നൽകിയ ഹർജിയിലാണ് കോടതി പരാമർശം. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഭോപ്പാൽ ക്യാമ്പസിൽ ബിടെക് വിദ്യാർഥിയാണ് നോയൽ. അവസാന വർഷത്തെ ഫീസടയ്ക്കാനായാണ് ഇയാൾ വിദ്യാഭ്യാസ ലോണിന് അപേക്ഷിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ് അപേക്ഷ നൽകിയത്. എന്നാൽ സിബിൽ സ്കോർ കുറവാണെന്ന് ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ നിഷേധിക്കുകയായിരുന്നു.
ആദ്യ വർഷങ്ങളിൽ മികച്ച മാർക്കു നേടിയ നേയലിന് ഒമാനിലെ ഗ്ലോബൽ മണി എക്സ്ചേഞ്ചിൽ ജോലി ലഭിച്ചിട്ടുണ്ട്. പഠനം പൂർത്തിയായെന്ന സർട്ടിഫിക്കറ്റ് ലഭിച്ചാലെ വീസ നടപടികളുമായി മുന്നോട്ടു പോവാനാവൂ. യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ അവസാന വർഷ ഫീ നൽകണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത് അനുവദിച്ച കോടതി പണം നൽകാൻ ബാങ്കിന് നിർദേശം നൽകിയിട്ടുണ്ട്.