ബാർ കോഴ: അന്വേഷണം ഗൂഢാലോചനയിലൊതുങ്ങും

അനിമോന്‍റെ ശബ്ദസന്ദേശം കേട്ടതല്ലാതെ കോഴ ആരോപണം അറിയില്ലെന്നാണു ജില്ലയിലെ മറ്റു ബാറുടമകളുടെയെല്ലാം മൊഴി.
ബാർ കോഴ: അന്വേഷണം ഗൂഢാലോചനയിലൊതുങ്ങും
Updated on

തിരുവനന്തപുരം: ബാർ കോഴ ആരോപണം സംഘടനാ നേതാവ് അനിമോനു പുറമേ മറ്റു ബാറുടമകളും നിഷേധിച്ചതോടെ തെളിവില്ലാത്തിനാൽ ഗൂഢാലോചനയിലേക്കു മാത്രമായി അന്വേഷണം ഒതുങ്ങും. ശബ്ദസന്ദേശം തയാറാക്കിയതിലും പ്രചരിപ്പിച്ചതിലും ഗൂഢാലോചനയുണ്ടോ എന്നാണ് അന്വേഷിക്കുക. ഇതിന്‍റെ ഭാഗമായി അനിമോന്‍റെ ഫോൺകോൾ രേഖകളിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന തുടങ്ങി. ആരോപണമുന്നയിച്ചു ബാറുടമകളുടെ ഗ്രൂപ്പിൽ ശബ്ദരേഖ പോസ്റ്റ് ചെയ്തതിനു മുൻപുള്ള ദിവസങ്ങളിൽ അനിമോനെ ആരെല്ലാം വിളിച്ചെന്നാണ് അന്വേഷിക്കുന്നത്.

കോഴ ആവശ്യപ്പെട്ടതിനോ കൊടുക്കാൻ തീരുമാനിച്ചതിനോ തെളിവില്ലെന്ന നിഗമനത്തിലാണ് ഇപ്പോൾ അന്വേഷണ സംഘം. അനിമോൻ, ഇടുക്കി ജില്ലയിലെ ബാറുടമകളുടെ ഗ്രൂപ്പിലുള്ള പത്തിലധികം അംഗങ്ങൾ എന്നിവരിൽനിന്നു ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തിരുന്നു. ശബ്ദരേഖ തന്‍റേതാണെന്നു സ്ഥിരീകരിച്ച അനിമോൻ, സംഘടനാ വിഷയങ്ങളുടെ പേരിലാണ് അങ്ങനെയൊരു സന്ദേശം ഗ്രൂപ്പിലിട്ടതെന്നു മൊഴി നൽകി.

അനിമോന്‍റെ ശബ്ദസന്ദേശം കേട്ടതല്ലാതെ കോഴ ആരോപണം അറിയില്ലെന്നാണു ജില്ലയിലെ മറ്റു ബാറുടമകളുടെയെല്ലാം മൊഴി. കെട്ടിട ഫണ്ടിന്‍റെ പിരിവാണു നടക്കുന്നതെന്നും ഇവർ മൊഴി നൽകി. ഇടുക്കി ജില്ലയിലേത് ഉൾപ്പെടെ അൻപതോളം ബാറുടമകളെ ചേർത്ത് അനിമോൻ സമാന്തര സംഘടനയുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് വി.സുനിൽകുമാറിന്‍റെ വാദം. പുതിയ മദ്യനയം വരാനിരിക്കെ ബാറുടമകൾ എത്രമാത്രം സത്യസന്ധമായാണു ക്രൈംബ്രാഞ്ചിനു മൊഴി നൽകിയതെന്നും വ്യക്തമല്ല. എന്തായാലും ഗൂഢാലോചന ആരോപിച്ച സർക്കാർ വാദങ്ങളെ ശരിവെയ്ക്കും വിധമാണ് ഇപ്പോൾ അന്വേഷണം നീങ്ങുന്നത്. തെളിവു കിട്ടിയാൽ മാത്രം ഗൂഢാലോചനയിൽ കേസെടുക്കും. അടുത്തമാസം നിയമസഭ ആരംഭിക്കുമെങ്കിലും വിഷയം എത്രമാത്രം ചർച്ചയാകുമെന്നതും കണ്ടറിയണം.

അതേസമയം, ബാർ‌ കോഴ വിവാദത്തിൽ പാലക്കാട് കലക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. എക്സൈസ് മന്ത്രി എം.ബി രാജേഷിന്‍റെ രാജി ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് സംഘ‍ർഷത്തിൽ കലാശിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

Trending

No stories found.

Latest News

No stories found.