അർജുനെ കണ്ടെത്താൻ ഗോവയിൽ നിന്നു ബാർജ്

നാവികസേനയിലെ മുങ്ങൽ വിദഗ്ധർക്ക് നദിയിലിറങ്ങി പരിശോധിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പ്രാദേശിക വിദഗ്ധരെ രംഗത്തിറക്കുന്നു
Arjun rescue operation Day 12
അർജുൻ ഓടിച്ചിരുന്ന ലോറിക്കു വേണ്ടി ഗംഗാവലി പുഴയിൽ നടത്തുന്ന തെരച്ചിൽ
Updated on

കാർവാർ: കനത്ത മഴയും നദിയിലെ കുത്തൊഴുക്കും രക്ഷാപ്രവർത്തനത്തെ പ്രതിസന്ധിയിലാക്കിയപ്പോൾ മലയാളി ലോറി ഡ്രൈവർ അർജുൻ പന്ത്രണ്ടാം ദിവസവും കാണാമറയത്ത്. ട്രക്കും ഗ്യാസ് ടാങ്കറും നദിയിലുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഡ്രോൺ പരിശോധനയിൽ ഇവയുടെ സ്ഥാനവും തിരിച്ചറിഞ്ഞു. എന്നാൽ, ശക്തമായ അടിയൊഴുക്ക് കാരണം നാവികസേനയുടെ മുങ്ങൽ വിദഗ്ധർക്ക് നദിയിൽ ഇറങ്ങാനായിട്ടില്ല.

ഈ സാഹചര്യത്തിൽ പ്രാദേശിക മുങ്ങൽ വിദഗ്ധരെ ഉപയോഗിച്ച് തെരച്ചിൽ നടത്താൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, എത്ര വൈദഗ്ധ്യമുള്ളവരാണെങ്കിലും അതിശക്തമായ ഒഴുക്ക് തുടരുന്നതിനാൽ നദിയിലിറങ്ങുന്നത് അപകടമാണെന്നാണ് അധികൃതർ പറയുന്നത്. മണിക്കൂറിൽ 12 കിലോമീറ്റർ വേഗത്തിലാണു നദിയിലെ അടിയൊഴുക്ക്. നദികളിലും കടലിലും പരിചയമുള്ള നാവികസേനാംഗങ്ങൾ വെള്ളിയാഴ്ച രണ്ടു തവണ പരിശോധനയ്ക്കു ശ്രമിച്ചെങ്കിലും പിന്മാറേണ്ടിവന്നു. ഇതെത്തുടർന്നാണ് പ്രാദേശിക വിദഗ്ധരെ ഉപയോഗിച്ചുള്ള പരീക്ഷണം.

ഇതിനിടെ, ഗോവയിൽ നിന്ന് ബാർജും പ്ലാറ്റ്ഫോമും എത്തിക്കാനും അധികൃതർ ശ്രമിക്കുന്നുണ്ട്. ഇത് നദിയിൽ ഉറപ്പിച്ചാൽ പരിശോധന കൂടുതൽ എളുപ്പമാകുമെന്നു കരുതുന്നു. അർജുൻ ഉൾപ്പെടെ മൂന്നു പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

കഴിഞ്ഞ 16നാണ് പൂനെയിൽ നിന്നു കോഴിക്കോട്ടേക്കു മരം കയറ്റിയ ലോറിയുമായി വന്ന അർജുൻ അപകടത്തിൽപ്പെട്ടത്. മലയിടിഞ്ഞതിനെത്തുടർന്നു പൻവേൽ - കന്യാകുമാരി ദേശീയ പാത 66ലേക്ക് വീണുകിടക്കുന്ന മണ്ണും പാറകളും മാറ്റാൻ ഇപ്പോഴും ശ്രമം തുടരുകയാണ്.

Trending

No stories found.

Latest News

No stories found.