കാന്തല്ലൂരിന് ബെസ്റ്റ് ടൂറിസം വില്ലേജ് അവാർഡ്; അഭിമാന നേട്ടവുമായി കേരളം

ടൂറിസം വളർച്ചയ്ക്ക് വേണ്ടി ജനപങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കിയതിനാണ് അവാർഡ് ലഭിച്ചിരിക്കുന്നത്
കാന്തല്ലൂരിന് ബെസ്റ്റ് ടൂറിസം വില്ലേജ് അവാർഡ്; അഭിമാന നേട്ടവുമായി കേരളം
Updated on

തിരുവനന്തപുരം: ലോക ടൂറിസം ദിനത്തില്‍ കേരളത്തിന് അഭിമാന നേട്ടം. കേന്ദ്ര ടൂറിസം വകുപ്പ് പ്രഖ്യാപിച്ച പുരസ്കാരത്തിന് ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍ അര്‍ഹമായി. രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലെജ് ഗോള്‍ഡ് അവാര്‍ഡാണ് കാന്തല്ലൂരിന് ലഭിച്ചിരിക്കുന്നത്.

ടൂറിസത്തിലൂടെ സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക മേഖലകളില്‍ നടത്തിയ സുസ്ഥിരവും വികേന്ദ്രീകൃതാസൂത്രണ പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് പുരസ്കാരം. എട്ടു മാസമായി നടന്ന പരിശോധനകള്‍ക്ക് ഒടുവിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മത്സരത്തില്‍ പങ്കെടുത്ത രാജ്യത്തെ 767 ഗ്രാമങ്ങളില്‍ അഞ്ച് എണ്ണത്തിന് സ്വര്‍ണവും 10 ഗ്രാമങ്ങള്‍ക്ക് വെള്ളിയും 20 ഗ്രാമങ്ങള്‍ക്ക് വെങ്കലവും ലഭിച്ചു.

ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ടൂറിസം സെക്രട്ടറി വി. വിദ്യാവതി പുരസ്കാരം നല്‍കി. കേരള ടൂറിസം ഡയറക്റ്റര്‍ പി.ബി. നൂഹ്, സംസ്ഥാന റൂറല്‍ ടൂറിസം നോഡല്‍ ഓഫിസറും ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷന്‍ കോ-ഓര്‍ഡിനേറ്ററുമായ കെ. രൂപേഷ് കുമാര്‍, കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. മോഹന്‍ദാസ് എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി.

ഉത്തരവാദിത്ത ടൂറിസം മിഷനും യുഎന്‍ വിമണും സംയുക്തമായി നടപ്പാക്കുന്ന സ്ത്രീ സൗഹാര്‍ദ വിനോദ സഞ്ചാര പദ്ധതി പഞ്ചായത്ത് തലത്തില്‍ നടപ്പാക്കിയ ആദ്യ പഞ്ചായത്തുകളില്‍ ഒന്നാണ് കാന്തല്ലൂര്‍. കോഴിക്കോട് ജില്ലയിലെ കടലുണ്ടി, പാലക്കാട് ജില്ലയിലെ തൃത്താല, പട്ടിത്തറ, കണ്ണൂര്‍ ജില്ലയിലെ പിണറായി, അഞ്ചരക്കണ്ടി, കോട്ടയം ജില്ലയിലെ മറവന്‍തുരുത്ത്, മാഞ്ചിറ, കാസര്‍കോട് ജില്ലയിലെ വലിയ പറമ്പ, ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍, വയനാട് ജില്ലയിലെ ചേകാടി എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി ടൂറിസം വകുപ്പ് സ്ട്രീറ്റ് പദ്ധതി നടപ്പാക്കാനായി തെരഞ്ഞെടുത്തത്. പരമ്പരാഗത ജീവിത രീതികള്‍ക്കും ഗ്രാമീണ ടൂറിസത്തിനും പ്രാധാന്യം നല്‍കിയാണ് ഈ പദ്ധതി നടപ്പാക്കിയത്.

കേന്ദ്ര സര്‍ക്കാരിന്‍റെ "ബെസ്റ്റ് ടൂറിസം വില്ലെജ്' ഗോള്‍ഡ് അവാര്‍ഡ് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ടൂറിസം സെക്രട്ടറി വി. വിദ്യാവതി ഐഎഎസില്‍ നിന്ന് കേരള ടൂറിസം ഡയറക്റ്റര്‍ പി.ബി. നൂഹ് ഏറ്റുവാങ്ങുന്നു. കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. മോഹന്‍ദാസ്, സംസ്ഥാന റൂറല്‍ ടൂറിസം നോഡല്‍ ഓഫിസറും ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷന്‍ കോ-ഓര്‍ഡിനേറ്ററുമായ കെ. രൂപേഷ് കുമാര്‍ എന്നിവര്‍ സമീപം.
കേന്ദ്ര സര്‍ക്കാരിന്‍റെ "ബെസ്റ്റ് ടൂറിസം വില്ലെജ്' ഗോള്‍ഡ് അവാര്‍ഡ് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ടൂറിസം സെക്രട്ടറി വി. വിദ്യാവതി ഐഎഎസില്‍ നിന്ന് കേരള ടൂറിസം ഡയറക്റ്റര്‍ പി.ബി. നൂഹ് ഏറ്റുവാങ്ങുന്നു. കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. മോഹന്‍ദാസ്, സംസ്ഥാന റൂറല്‍ ടൂറിസം നോഡല്‍ ഓഫിസറും ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷന്‍ കോ-ഓര്‍ഡിനേറ്ററുമായ കെ. രൂപേഷ് കുമാര്‍ എന്നിവര്‍ സമീപം.

ഓരോ പ്രദേശത്തിന്‍റെയും സാധ്യത കണക്കിലെടുത്ത് കണ്ടറിയാനാവുന്നതും അനുഭവവേദ്യത ഉറപ്പാക്കുന്നതുമായ ഹരിത-സാംസ്കാരിക തീമുകളിലടക്കം തെരുവുകള്‍ സജ്ജീകരിക്കുന്നതാണ് സ്ട്രീറ്റ് പദ്ധതി. കുറഞ്ഞത് മൂന്ന് സ്ട്രീറ്റുകളെങ്കിലും പദ്ധതിയുടെ ഭാഗമായി ഓരോ സ്ഥലത്തും നടപ്പാക്കാന്‍ വിഭാവനം ചെയ്തിരുന്നു. പൂര്‍ണമായി പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നടപ്പാക്കാന്‍ വിഭാവനം ചെയ്യുന്ന ഈ പദ്ധതി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും തദ്ദേശവാസികള്‍ക്കും ടൂറിസം മേഖലയില്‍ മുഖ്യ പങ്ക് വഹിക്കാനാവും വിധമാണ് തയാറാക്കിയിരിക്കുന്നത്.

കേരള മാതൃക അംഗീകരിക്കപ്പെടുന്നത് അഭിമാനകരമാണെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചു. ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന സുസ്ഥിര-ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതികള്‍ക്ക് ലഭിച്ച വലിയ അംഗീകാരങ്ങളിലൊന്നാണ് ഈ ബഹുമതി. ഈ സര്‍ക്കാരിന്‍റെ കാലത്ത് ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ നടപ്പിലാക്കുന്ന സ്ട്രീറ്റ് പദ്ധതി തുടര്‍ച്ചയായി അംഗീകരിക്കപ്പെടുന്നു എന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.