ന്യൂഡൽഹി: തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ ബാങ്ക് മുന്‍ പ്രസിഡന്‍റും മുന്‍ സിപിഐ നേതാവുമായ ഭാസുരാംഗന്‍ സുപ്രീം കോടതിയെ സമീപിച്ചു. തട്ടിപ്പിൽ കേരള പൊലീസ് എടുത്ത കേസിൽ മുൻകൂർ ജാമ്യ ഹർജി സമർപ്പിക്കാനാണ് ഭാസുരാംഗന്‍ കോടതിയെ സമീപിച്ചത്. അഭിഭാഷകൻ റോയി എബ്രാഹമാണ് ഭാസുരാംഗന് വേണ്ടി ഹർജി സമർപ്പിച്ചത്. നിലവിൽ ഇഡി കസ്റ്റഡിയിലാണ് ഭാസുരാംഗനുള്ളത്.
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുഖ്യപ്രതികളായ ഭാസുരാംഗന്‍റെയും മകൻ അഖിൽജിത്തിന്‍റെയും ജാമ്യാപേക്ഷ കഴിഞ്ഞ മാസം എറണാകുളം പിഎംഎൽഎ കോടതി തള്ളിയിരുന്നു. പ്രതികളുടെ ബാങ്ക് അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാട് നടന്നെന്നാണ് ഇഡി വാദം. എന്നാൽ ബാങ്കിൽ ക്രമക്കേടുകൾ നടന്നിട്ടില്ലെന്നും സഹകരണ വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയത് ആസ്തി ശോഷണമാണെന്നും പ്രതികൾ വാദിച്ചു.
തനിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കള്ളപ്പണ കേസിൽ തനിക്കെതിരെ ഇഡിക്ക് ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു കേസിലെ ഒന്നാം പ്രതി ഭാസുരാംഗൻ കോടതിയില്‍ ആവശ്യപെട്ടത്. എന്നാൽ പ്രതികളുടെ വാദങ്ങൾ കോടതി മുഖവിലക്ക് എടുത്തില്ല. കഴിഞ്ഞ നവംബർ 21 നാണ് അഖിൽ ജിത്തിനെയും ഭാസുരാംഗനെയും ഇഡി അറസ്റ്റ് ചെയ്തത്.