പക്ഷിപ്പനി: കൊന്നൊടുക്കിയ പക്ഷികളുടെ ഉടമസ്ഥർക്ക് നഷ്ടപരിഹാരം നൽകും

പക്ഷിപ്പനി പരത്തിയത് ദേശാടനപക്ഷികളെന്ന് റിപ്പോർട്ട്
Bird flu: Compensation will be given to owners of killed birds
പക്ഷിപ്പനി: കൊന്നൊടുക്കിയ പക്ഷികളുടെ ഉടമസ്ഥർക്ക് നഷ്ടപരിഹാരം നൽകുംfile
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി പിടിപെട്ടതുമൂലം ദയാവധത്തിന് വിധേയമാക്കിയ പക്ഷികളുടെ ഉടമസ്ഥര്‍ക്ക് സമയബന്ധിതമായി നഷ്ടപരിഹാരം നല്‍കുമെന്ന് മൃഗസംരക്ഷണ മന്ത്രിക്കുവേണ്ടി കൃഷിമന്ത്രി പി. പ്രസാദ് നിയമസഭയെ അറിയിച്ചു. സി.കെ. ആശയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി. നഷ്ടപരിഹാരം നല്‍കുന്നതിന് കേന്ദ്രഫണ്ട് വരുന്നതുവരെ കാക്കാതെ സംസ്ഥാനം കോര്‍പ്പസ് ഫണ്ടില്‍ നിന്ന് പണം നല്‍കുകയാണ്. കേരളം 90 ഉം കേന്ദ്രത്തിന്‍റെ പത്തും ചേര്‍ത്ത് ഒരു കോഴിക്കുഞ്ഞിന് 100 രൂപയാണ് നല്‍കുന്നത്. ഫെബ്രുവരിവരെയുള്ള നഷ്ടപരിഹാരം നല്‍കിക്കഴിഞ്ഞു.

സംസ്ഥാനത്ത് ഇതുവരെ 37 പ്രഭവകേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി ആകെ 62,334 പക്ഷികള്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. സാധാരണ താറാവുകളിലാണ് ഏറ്റവും കൂടുതലായി രോഗം കാണപ്പെടുന്നത്. എന്നാല്‍ ഇത്തവണ അത് ബ്രോയിലര്‍ കോഴികളിലേക്കും വ്യാപിച്ചു. അവയില്‍ നിന്ന് മറ്റ് പറവകളിലേക്കും പടര്‍ന്നു. സര്‍ക്കാര്‍ താറാവു വളര്‍ത്തല്‍ കേന്ദ്രങ്ങളിലും പ്രാദേശിക കോഴിഫാമുകളിലും ഹാച്ചറികളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടങ്ങളില്‍ രോഗം മൂലം 1,555 എണ്ണത്തിന്‍റെ മരണവും സംഭവിച്ചു. ഇവയെ ദയാവധത്തിന് വിധേയമാക്കി സംസ്കരിച്ചു. ഇതുവരെ 1,87,880 പക്ഷികളെ സംസ്കരിക്കുകയും 41,144 മുട്ടകളും 97.1 ടണ്‍ തീറ്റയും നശിപ്പിക്കുകയും ചെയ്തു. പക്ഷിപ്പനി കണ്ടെത്തുന്നതിന് കേരളത്തിലെ ലാബുകളെ ബിഎസ്എല്‍ 3 നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി.

പക്ഷിപ്പനി പരത്തിയത് ദേശാടനപക്ഷികള്‍

പക്ഷിപ്പനി സംബന്ധിച്ചു പഠനം നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ദേശാടന പക്ഷികളില്‍ നിന്നും അസുഖം ബാധിച്ച പക്ഷികളെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിയതിലൂടെയും ഇവയുടെ വില്‍പനയിലൂടെയും അസുഖം പടര്‍ന്നിരിക്കാമെന്നാണ് സംഘത്തിന്‍റെ കണ്ടെത്തല്‍. സംസ്ഥാനത്തിന് പുറത്തുനിന്ന് രോഗബാധ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പക്ഷിപ്പനി ബാധിച്ചു മരിച്ച പക്ഷികളുടെ അവശിഷ്ടങ്ങളും തീറ്റയും കാഷ്ടവുമുള്‍പ്പെടെയുള്ള മറ്റു വസ്തുക്കളും ശാസ്ത്രീയമായി സംസ്കരിക്കാത്തത് മൂലം അവയില്‍ നിന്ന് മറ്റ് പറവകളിലേക്ക് വ്യാപിച്ചിട്ടുണ്ട്.

ചേര്‍ത്തല, തണ്ണീര്‍മുക്കം ഇന്‍റഗ്രേഷന്‍ ഫാമുകളിലെ സൂപ്പര്‍വൈസര്‍മാരുടെ ഒരു ഫാമില്‍ നിന്ന് മറ്റൊന്നിലേക്കുള്ള അനിയന്ത്രിതമായ സഞ്ചാരവും അസുഖം പടരുന്നതിന് കാരണമായി. രോഗം ബാധിച്ച കാക്കകള്‍ മുഖേനയും പക്ഷിപ്പനി പടര്‍ന്നിരിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

വനങ്ങളില്‍ നിന്നുള്ള വൈറസ് സാന്നിധ്യമുള്ള പക്ഷികളില്‍ നിന്നും നാട്ടിലെ താറാവുകളിലേക്കും മറ്റു കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങളിലേക്കും രോഗം പടര്‍ന്നിരിക്കാന്‍ സാധ്യതയുണ്ട്. ഇറച്ചി ആവശ്യത്തിനായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന ബ്രോയിലര്‍ കോഴികളിലും താറാവുകളിലും വിശദമായ പഠനം നടത്തേണ്ടതുണ്ട്. വൈറസിന്‍റെ വിശദമായ ജനിതക പഠനം നടത്തണമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധരെയും വെറ്ററിനറി സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരെയും ഉള്‍പ്പെടുത്തിയായിരുന്നു സര്‍ക്കാര്‍ വിദഗ്ധ സംഘം രൂപീകരിച്ചത്.

Trending

No stories found.

Latest News

No stories found.