കണ്ണൂർ: സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജനും സ്പീക്കർ എ.എൻ. ഷംസീറിനുമെതിരെ കൊലവിളി മുദ്രാവാക്യവുമായി ബിജെപി പ്രവർത്തകർ. കൈയും തലയും വെട്ടി കാളീപൂജ നടത്തുമെന്നായിരുന്നു ബിജെപിക്കാർ ഉയർത്തിയ മുദ്രാവാക്യം. തലശേരിക്കടുത്തുള്ള മാഹി പള്ളൂരിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു മുദ്രാവാക്യം വിളി.
യുവമോർച്ച പ്രവർത്തകർക്കെതിരെ കഴിഞ്ഞ ദിവസം ജയരാജൻ നടത്തിയ പരാമർശത്തിനു പിന്നാലെയാണ് ബിജെപി പ്രവർത്തകരുടെ കൊലവിളി. ഗണപതിയെ അപമാനിച്ചെന്നാരോപിച്ച് യുവമോർച്ച ഷംസീറിന്‍റെ ഓഫിസിലേക്ക് നടത്തിയ മാർച്ചാണ് സംഭവങ്ങളുടെ തുടക്കം.
ഗണപതിയെ അപമാനിച്ചതിന് മാപ്പു പറഞ്ഞില്ലെങ്കിൽ ഷംസീറിനെ തെരുവിൽ നേരിടുമെന്നായിരുന്നു യുവമോർച്ച നേതാക്കളുടെ പ്രതികരണം. പിന്നാലെ ഗണേഷിന്റെ പ്രസംഗത്തിനു മറുപടിയായി ജയരാജൻ എത്തി. ഷംസീറിനു നേരെ കൈയ്യോങ്ങുന്ന യുവമോർച്ചക്കാരന്‍റെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്നായിരുന്നു ജയരാജന്‍റെ പ്രതികരണം.