പാലക്കാട്: ബിജെപി നേതൃത്വത്തോട് ഇടഞ്ഞ് പരസ്യ നിലപാട് സ്വീകരിച്ച സന്ദീപ് ജി. വാര്യരെ അനുനയിപ്പിക്കാൻ ആർഎസ്എസ് - ബിജെപി നീക്കം. ആർഎസ്എസ് വിശേഷ് സമ്പർക് പ്രമുഖ് എ. ജയകുമാർ, ബിജെപി നേതാവ് പി. ആർ. ശിവശങ്കർ എന്നീ നേതാക്കൾ സന്ദീപിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. അടച്ചിട്ട മുറിയിലായിരുന്നു ചർച്ച.
സിപിഎം നേതാക്കളുമായി സന്ദീപ് ആശയവിനിമയം നടത്തിയെന്ന വിവരം ബിജെപി നേതാക്കൾക്കുണ്ട്. തെരഞ്ഞെടുപ്പു കാലത്ത് ബിജെപിക്ക് തലവേദനയായാണ് സന്ദീപ് വാര്യരുടെ പരസ്യ പ്രതികരണങ്ങളെത്തിയത്. ഈ സാഹചര്യത്തിൽ സന്ദീപ് പാർട്ടി വിട്ടാൽ അത് ബിജെപിക്ക് വലിയ തിരിച്ചടിയാവും. അതിനാൽ തന്നെ പാർട്ടി വിടരുതെന്ന് ആവശ്യപ്പെടാനാണ് നേതാക്കളെത്തിയത്.