പാലക്കാട് പിടിക്കാന്‍ ബിജെപി

Arunachal Pradesh And Sikkim Assembly Election counting begins
പാലക്കാട് പിടിക്കാന്‍ ബിജെപി
Updated on

##എം.ബി.​ സന്തോഷ്

തിരുവനന്തപുരം:​ തൃശൂരിൽ സു​രേ​ഷ് ഗോ​പി​യി​ലൂ​ടെ ലോ​ക​സ​ഭ​യി​ൽ അക്കൗണ്ട് തുറന്ന ബിജെപിക്ക് സി​പി​എം നേമത്ത് കഴിഞ്ഞ തവണ പൂട്ടിച്ച നിയമസഭാ അക്കൗണ്ട് പാലക്കാട് മുഖേന തുറന്നേ മതിയാവൂ.​ അതുകൊണ്ടു​ തന്നെ ബിജെപിയുടെ "എ ഡബിൾ പ്ലസ് ' മണ്ഡലമായ പാലക്കാട് പിടിച്ചേ പറ്റൂ. ഇവിടെ ജയത്തിൽ കുറഞ്ഞ മറ്റൊന്നും പകരമാവില്ല. വയനാട് ലോ​ക​സ​ഭാ സീ​റ്റി​ലും ചേലക്കര​ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തിലും വോട്ടുവിഹിതം ഉയർത്തണമെന്ന താല്പര്യത്തിലാണ് ബിജെപി​യു​ടെ മത്സരം.

പാലക്കാട്ട് "നാട്ടുകാരൻ' എന്നതാണ് ബിജെപി​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ സ്ഥാനാർഥി സി.​ ​കൃഷ്ണകുമാറിന്‍റെ ഊന്നൽ. എന്നാൽ കോൺഗ്രസ്, സിപിഎം കക്ഷികളെക്കാൾ കൂടുതലാണ് ബിജെപിയിലെ പാളയത്തിൽ പട. കഴിഞ്ഞ തവണ മെ​ട്രൊ മാ​ൻ ഇ. ​ശ്രീ​ധ​ര​ന് കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട വിജയം ഇത്തവണ പാർട്ടി ഗ്രൂപ്പിസത്തിൽ തട്ടി നഷ്ടമാവുമോ എന്നാണ് സംശയം.

ഒദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പു​ തന്നെ കൃഷ്ണകുമാർ മണ്ഡലത്തിലുടനീ‌ളം പദയാത്ര നടത്തി ഒന്നാം ഘട്ട പ്രചരണത്തിന് തുടക്കം കുറിച്ചിരുന്നു. സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും അത് പൂർണമായി അംഗീകരിക്കാൻ ഇവിടെ സ്ഥാനാർഥിത്വം പ്രതീക്ഷിച്ച സംസ്ഥാന വൈസ് പ്രസിഡന്‍റ് ശോഭ സുരേന്ദ്രനെ അനുകൂലിക്കുന്ന വിഭാഗത്തിന് കഴിഞ്ഞിട്ടില്ല. ബിജെപി ഭരിക്കുന്ന നഗരസഭയുടെ മുന്നിൽ സ്ഥാപിച്ചിരുന്ന ശോഭാ സുരേന്ദ്രന്‍റെ ഫ്ലക്സ് കത്തിച്ചതോടെ അകൽച്ച കൂടി.​ കൃഷ്ണകുമാറിന്‍റെ റോഡ് ഷോയിൽ ​നിന്ന് ശോഭാ പക്ഷവും നഗരസഭയിലെ ഭൂരിഭാഗം ബിജെപി കൗൺസിലർമാരും വിട്ടുനിന്നതിനെ തുടർന്ന് വിഷയത്തിൽ ആർ​എസ്എസ് ഇടപെട്ടിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടുവിഹിതം അരലക്ഷം കടത്താൻ ബിജെപിക്ക് കഴിഞ്ഞിരുന്നു. ​എന്നാൽ, പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ അതിൽ 7,000 വോട്ട് കുറഞ്ഞതിൽ നേതൃത്വത്തിന് ആശങ്കയുണ്ട്. കെ. കരുണാകരന്‍റെ കുടുംബത്തിനെതിരേ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ നേരത്തെ നടത്തിയ പരാമർശം ചർച്ചയാക്കിയതിലൂടെ പഴയ ഐ വിഭാഗത്തിന്‍റെയും സരിനെ സ്ഥാനാർഥിയാക്കിയത് ഇഷ്ടപ്പെടാത്ത സിപിഎം അനുഭാവികളുടെയും വോട്ട് ഇത്തവണ താമരയ്ക്കാവുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

വയനാട്ടിൽ ശോഭ സുരേന്ദ്രൻ മുതൽ ഖുശ്ബുവി​നെ വരെ പരിഗണിച്ച ശേഷം പ്രഖ്യാപിച്ചത് മഹിള മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായ കോഴിക്കോട് കോര്‍പ്പറേഷൻ കൗൺസിലർ നവ്യ ഹരിദാസിനെ.​ പ്രിയങ്കയെ ഇറക്കുമതി സ്ഥാനാർഥിയെന്ന് പരിഹസിക്കുന്ന ബിജെപിക്ക് നവ്യയും "ഇറക്കുമതിയല്ലേ' എന്ന ചോദ്യത്തെ നേരിടേണ്ടി വരുന്നുണ്ട്.

ചേലക്കരയിൽ തിരുവില്വാമല പഞ്ചായത്ത് അംഗവും മുന്‍ വൈസ് പ്രസിഡന്‍റുമായ കെ.​ ​ബാലകൃഷ്ണന് പ്രാദേശിക ബന്ധങ്ങള്‍ ഗുണം ചെയ്യുമെന്നാണ് പാർട്ടി പ്രതീക്ഷ.​ ഇവിടെ മാത്രമാണ് ബിജെപിയിൽ സ്ഥാനാർഥിത്വത്തിന്‍റെ പേരിൽ പ്രശ്നങ്ങളുണ്ടാകാത്തത്.

Trending

No stories found.

Latest News

No stories found.