വി. മുരളീധരൻ ആറ്റിങ്ങലിലും അബ്‌ദുള്ളക്കുട്ടി ലക്ഷദ്വീപിലും മത്സരിക്കും?

പൊതുതെരഞ്ഞെടുപ്പിൽ രാജ്യസഭാംഗങ്ങളെ അടക്കം കളത്തിലിറക്കാൻ ബിജെപി, നിർമല സീതാരാമനും എസ്. ജയശങ്കറും അടക്കം മത്സരരംഗത്തേക്കെന്ന് സൂചന
വി. മുരളീധരൻ ആറ്റിങ്ങലിലും അബ്‌ദുള്ളക്കുട്ടി ലക്ഷദ്വീപിലും മത്സരിക്കും?
Updated on

ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നുള്ള രണ്ടു സ്ഥാനാർഥികളുടെ കാര്യത്തിൽ ബിജെപി ദേശീയ നേതൃത്വം ധാരണയിലെത്തിയെന്ന് സൂചന. സിപിഎമ്മിൽ നിന്നും കോൺഗ്രസിലേക്കു പോയി അവിടെനിന്ന് ബിജെപിയിലെത്തിയ എ.പി. അബ്ദുള്ളക്കുട്ടിയെ ലക്ഷദ്വീപിൽ മത്സരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് വിവരം. കേന്ദ്രഭരണ പ്രദേശമായ ലക്ഷ‌ദ്വീപിൽ ഒരു പാർലമെന്‍റ് മണ്ഡലം മാത്രമാണുള്ളത്. എൻസിപി പ്രതിനിധി മുഹമ്മദ് ഫൈസലാണ് നിലവിൽ ഇവിടത്തെ എംപി.

കേന്ദ്രമന്ത്രി വി. മുരളീധരൻ ആറ്റിങ്ങലിലും സ്ഥാനാർഥിയായേക്കും. മണ്ഡലത്തിൽ അദ്ദേഹം ഇതിനകം തന്നെ ജനകീയ പരിപാടികളിൽ സജീവമായിത്തുടങ്ങിയിട്ടുമുണ്ട്. വർക്കല, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട, ആറ്റിങ്ങൽ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് ആറ്റിങ്ങൽ പാർലമെന്‍റ് മണ്ഡലം. കോൺഗ്രസിന്‍റെ അടൂർ പ്രകാശാണ് ഇപ്പോൾ ഇവിടെനിന്നുള്ള എംപി. ശശി തരൂർ പ്രതിനിധീകരിക്കുന്ന തിരുവനന്തപുരം മണ്ഡലത്തിലേക്കും മുരളീധരനെ പരിഗണിക്കുന്നുണ്ട്.

മികച്ച പ്രവർത്തനം കാഴ്ചവച്ചു എന്നു ദേശീയ നേതൃത്വം വിലയിരുത്തിയിട്ടുള്ള രാജ്യസഭാ എംപിമാരെയും എംഎൽഎമാരെയും വ്യാപകമായി രംഗത്തിറക്കാനാണ് ആലോചന. ഇപ്പോൾ കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, എസ്. ജയ്ശങ്കർ, മൻസൂഖ് മാണ്ഡവ്യ, പിയൂഷ് ഗോയൽ, ഹർദീപ് സിങ് പുരി തുടങ്ങിയവരെല്ലാം പരിഗണനയിലുണ്ട്.

നിർമലയെ തമിഴ്‌നാട്ടിലെ മധുരയിൽ നിന്നു മത്സരിപ്പിച്ചാൽ സംസ്ഥാനത്താകെ തരംഗം സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. ഭാവിയിൽ തമിഴ്‌നാട്ടിൽ നിന്നു പ്രധാനമന്ത്രിയുണ്ടാകുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയെ ഇതുമായി കൂട്ടിവായിക്കാം.

വിദേശ രാജ്യങ്ങളിൽ ഇന്ത്യയുടെ മുഖമായി തന്നെ അവതരിപ്പിക്കപ്പെടുന്ന ജയശങ്കറിനെ ന്യൂഡൽഹിയിൽ നിന്ന് പാർലമെന്‍റിലെത്തിക്കാനാണ് ശ്രമം. രാഹുൽ ഗാന്ധി വിദേശരാജ്യങ്ങളിൽ വച്ച് ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരേ നടത്തുന്ന കടന്നാക്രമണങ്ങൾക്കു പ്രധാനമായും പ്രതിരോധം തീർക്കാൻ നിയോഗിക്കപ്പെടാറുള്ളത് ജയ്ശങ്കറാണ്.

മാണ്ഡവ്യ കൊവിഡ് പ്രതിരോധത്തിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചെന്നാണ് പാർട്ടി നേതൃ‌ത്വത്തിന്‍റെ വിലയിരുത്തൽ. സ്വന്തം നാടായ ഗുജറാത്തിൽ നിന്നു തന്നെയായിരിക്കും അദ്ദേഹത്തെ മത്സരിപ്പിക്കുക. ഹർദീപ് സിങ് പുരിക്ക് പഞ്ചാബിലും ഉചിതമായ മണ്ഡലും തേടുന്നു.

ഇവരെക്കൂടാതെ പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയും ഇക്കുറി മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന.

Trending

No stories found.

Latest News

No stories found.