തിരുവനന്തപുരം: സിപിഎം, മുസ്‌ലിം ലീഗ്, എല്‍ഡിഎഫ്, യുഡിഎഫ് തുടങ്ങിയവരുടെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് ബദൽ റാലികൾ സംഘടിപ്പിക്കാൻ ബിജെപി തയാറെടുക്കുന്നു. ഇസ്രയേലിലേക്കു ഹമാസ് തീവ്രവാദികൾ കഴിഞ്ഞ മാസം ഏഴിനു നടത്തിയ ആക്രമണമാണ് ഇപ്പോഴും തുടരുന്ന യുദ്ധത്തിന് കാരണമായതെന്ന് ആരോപിച്ചാണ് ബിജെപി "ഹമാസ് ഭീകരതാ വിരുദ്ധ റാലി'യുമായി എത്തുന്നത്.
സംസ്ഥാനത്തു നാലിടത്തു റാലിയും ജനകീയ സംഗമങ്ങളും നടത്താനാണ് പാർട്ടി തീരുമാനം. പത്തനംതിട്ടയിലും എറണാകുളത്തും തൃശൂരും കോഴിക്കോടുമാണ് പരിപാടികൾ. കേന്ദ്രമന്ത്രിമാരടക്കം അണിനിരക്കുന്ന പരിപാടികളിലേക്ക് ക്രിസ്ത്യന്‍ സഭാ നേതാക്കളെയും വിവിധ ക്രൈസ്തവ സംഘടനാ പ്രതിനിധികളെയും പങ്കെടുപ്പിക്കാനാണ് ബിജെപിയുടെ ശ്രമം.
ഇസ്രയേൽ - ഹമാസ് യുദ്ധത്തിൽ കേരളത്തിലെ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുള്ള ആശങ്ക അനുകൂലമാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഹൈന്ദവ സമൂഹവും ഇസ്രയേലിലേക്കുള്ള ഹമാസ് ആക്രമണത്തിൽ അസ്വസ്ഥരാണ് എന്നാണു പാർട്ടിയുടെ വിലയിരുത്തൽ.
ഈ റാലികളിലൂടെ മണിപ്പുര്‍ കലാപത്തില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കിടയിലുണ്ടായ ബിജെപി വിരുദ്ധത മറികടക്കാമെന്നാണ് കണക്കുകൂട്ടല്‍. യുഡിഎഫും എല്‍ഡിഎഫും ഹമാസ് തീവ്രവാദികള്‍ക്കൊപ്പമാണെന്നു സ്ഥാപിക്കാനും ഈ റാലികളിലൂടെ സാധിക്കുമെന്ന് ബിജെപി കരുതുന്നു. പലസ്തീനും ഹമാസും രണ്ടാണെന്നും, ഇന്ത്യ പലസ്തീനൊപ്പം നിലകൊള്ളുമ്പോഴും ഹമാസ് തീവ്രവാദികളെ അംഗീകരിക്കില്ലെന്നുമാണ് ബിജെപിയുടെയും കേന്ദ്ര സർക്കാരിന്‍റെയും നിലപാട്.