തെളിവില്ല, പരാതിയുമില്ല; കൂടോത്രത്തിൽ അന്വേഷണം അവസാനിപ്പിച്ച് പൊലീസ്

കൂടോത്ര വസ്തുക്കള്‍ പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍ സംഭവം നടന്ന് ഒന്നര വര്‍ഷത്തിന് ശേഷം ജൂലൈ ആദ്യവാരമാണ് പുറത്തുവന്നത്.
black magic k sudhakaran case concluded
കൂടോത്രത്തിൽ അന്വേഷണം അവസാനിപ്പിച്ച് പൊലീസ്
Updated on

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍റെ വസതിയിലും കോണ്‍ഗ്രസ് ആസ്ഥാനത്തും കൂടോത്ര വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ തെളിവില്ലാത്തതിനാല്‍ കേസെടുക്കാനാവില്ലെന്ന നിലപാടില്‍ അന്വേഷണം അവസാനിപ്പിക്കുന്നു. സുധാകരന്‍ പരാതി നല്‍കിയാല്‍ മാത്രമേ തുടരന്വേഷണം നടത്തേണ്ടതുള്ളൂവെന്ന് കാട്ടിയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് പ്രാഥമിക അന്വേഷണം അവസാനിപ്പിച്ചത്. കൂടോത്രം വച്ചതിന് തെളിവില്ലെന്നും സുധാകരന് പരാതിയില്ലെങ്കില്‍ അന്വേഷണത്തിന് സാധ്യതയില്ലെന്നും പൊലീസ് പറഞ്ഞു.

കെ. സുധാകരന്‍റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരത്തെ കെപിസിസി ഓഫിസില്‍ അദ്ദേഹത്തിന്‍റെ മേശയ്ക്കടിയിലും പേട്ടയിലെ വീട്ടിലും കൂടോത്രം വച്ചിട്ടുണ്ടെന്നായിരുന്നു ആരോപണം. ഇതിന് പിന്നില്‍ ആരാണെന്ന് കണ്ടുപിടിക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ ഒരു പൊതുപ്രവര്‍ത്തകനാണ് പൊലീസില്‍ പരാതി നല്‍കിയത്. പിന്നാലെ പ്രാഥമിക അന്വേഷണം ആരംഭിച്ച പൊലീസ് പരാതിക്കാരന്‍റെയും കെപിസിസി ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. സംഭവത്തെക്കുറിച്ച് ടിവിയില്‍ കണ്ടുള്ള വിവരം മാത്രമേ ഉള്ളുവെന്നായിരുന്നു പരാതിക്കാരന്‍റെ മൊഴി. കൂടോത്രത്തെക്കുറിച്ച് അറിയില്ലെന്നും അങ്ങനെയൊന്ന് ഓഫിസില്‍നിന്ന് കണ്ടെത്തിയിട്ടില്ലെന്നും കെപിസിസി ഓഫിസ് ജീവനക്കാരും മൊഴി നല്‍കിയിരുന്നു. സുധാകരനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പരാതിയില്ലെന്ന് അദ്ദേഹവും അറിയിച്ചു. ഇതോടെയാണ് അന്വേഷണം അവസാനിപ്പിച്ച് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്.

കൂടോത്ര വസ്തുക്കള്‍ പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍ സംഭവം നടന്ന് ഒന്നര വര്‍ഷത്തിന് ശേഷം ജൂലൈ ആദ്യവാരമാണ് പുറത്തുവന്നത്. പൊലീസ് സുരക്ഷയുള്ള വീടിന്‍റെ കന്നിമൂലയില്‍ നിന്നാണ് രൂപവും തകിടുകളും കണ്ടെത്തിയത്. തുടര്‍ന്ന് കാസര്‍ഗോഡ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍റെ സാന്നിധ്യത്തിലാണ് വസ്തുക്കള്‍ പുറത്തെടുത്തത്. കെ. സുധാകരന്‍റെ വസതിയില്‍ നിന്നുള്ള നിര്‍ണായക വീഡിയോ ദൃശ്യങ്ങളും ശബ്ദസംഭാഷണവും മാധ്യമങ്ങളിലൂടെ പുറത്തെത്തിയിരുന്നു. സംഭവത്തിനു പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടിരുന്നതായും ഉയിര് പോകാതിരുന്നത് ഭാഗ്യം എന്നുമുള്ള കെപിസിസി അധ്യക്ഷന്‍റെ ശബ്ദസംഭാഷണവും പുറത്ത് വന്നു. ഇന്ദിരാഭവനിലെ കെപിസിസി അധ്യക്ഷന്‍റെ ഇരിപ്പിടത്തിനടിയിലും , പേട്ടയിലെ മുന്‍ താമസ സ്ഥലത്തിനും പുറമേ ഡല്‍ഹിയിലെ നര്‍മ്മദ ഫ്ലാറ്റില്‍ നിന്നും തകിടുകള്‍ കണ്ടെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രചരിച്ചത് ചൂണ്ടിക്കാട്ടിയാണ് പൊലീസില്‍ പരാതിയെത്തിയത്.

Trending

No stories found.

Latest News

No stories found.