മലപ്പുറം താനൂരിൽ 22 പേരുടെ ജീവനെടുത്ത ബോട്ടപകടം ഉൾപ്പെടെ കഴിഞ്ഞ പത്തു ദശാബ്ദങ്ങൾക്കിടയിൽ കേരളം സാക്ഷിയായത് 11 ബോട്ട് അപകടങ്ങൾക്ക്. 1924ൽ മഹാകവി കുമാരനാശാന്‍റെ മരണത്തിനിടയാക്കിയ ബോട്ടപകടം മുതൽ താനൂർ ബോട്ടപകടം വരെയുള്ളവയുടെ വിശദാംശങ്ങൾ പരിശോധിക്കാം.
1924: കൊല്ലത്തു നിന്നു കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ പല്ലനയാറ്റിൽ ബോട്ട് മുങ്ങി മലയാളത്തിന്‍റെ മഹാകവി കുമാരനാശാൻ അടക്കം 24 പേർ മരിച്ചു. അമിതവേഗമാണ് അപകടത്തിനു കാരണമായത്.
1980 മാർച്ച് 19: കൊച്ചിയിലെ കണ്ണമാലി പള്ളിയിലേക്കുള്ള തീർഥാടകരുമായി പോയ ബോട്ട് മുങ്ങി 30 പേർ മരിച്ചു.
1983 സെപ്റ്റംബർ 25: എറണാകുളത്തെ വല്ലാർപ്പാടം പള്ളിയിലെ പെരുന്നാൾ കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ അപകടത്തിൽ 18 ജീവനുകൾ പൊലിഞ്ഞു.
2002 ജൂലൈ 27: മുഹമ്മയിൽ നിന്ന് ആലപ്പുഴയിലേക്ക് യാത്ര തിരിച്ച സംസ്ഥാന ജലഗതാഗത വകുപ്പിന്‍റെ ബോട്ട് മുങ്ങി 29 പേർ മരിച്ചു. 9 മാസം പ്രായമുള്ള കുഞ്ഞും 15 സ്ത്രീകളും അതിൽ ഉൾപ്പെട്ടു. ആ ദിവസം കോട്ടയത്ത് പിഎസ്‌സി പരീക്ഷ എഴുതാൻ ബോട്ടിൽ പോയ നിരവധി ഉദ്യോഗാർഥികളും അപകടത്തിന്‍റെ ഇരകളായി.
2004 ഓഗസ്റ്റ് 30: കൊല്ലം തീരത്ത് ബോട്ട് മുങ്ങി 7 തൊഴിലാളികൾ മരിച്ചു
2005 ജനുവരി 2: വേമ്പനാട് കായലിലുണ്ടായ അപകടത്തിൽ അറബ് വംശജൻ അടക്കം 4 പേർ മരിച്ചു.
2007 ഫെബ്രുവരി 20: തട്ടേക്കാട് വിനോദയാത്രക്കെത്തിയ സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി 14 കുട്ടികളും 3 അധ്യാപകരും മരിച്ചു.അങ്കമാലി എളവൂർ സെന്‍റ് ആന്‍റണീസ് സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്കു പോയ കുട്ടികളാണ് മരിച്ചത്. ബോട്ടിന്‍റെ അടിഭാഗം ഇളകി ബോട്ടിൽ വെള്ളം കയറിയതാണ് അപകടത്തിന് കാരണമായത്.
2009 സെപ്റ്റംബർ 30: മുല്ലപ്പെരിയാർ റിസർവോയറിലെ ആഴമേറിയ പ്രദേശത്ത് ജലകന്യകയെന്ന യാത്രാ ബോട്ട് മുങ്ങി 45 വിനോദസഞ്ചാരികൾ മരിച്ചു.75 പേർക്ക് കയറാവുന്ന ബോട്ടിൽ 80 പേർ കയറിയതാണ് ബോട്ട് മറിയാനിടയാക്കിയത്.
2011 ഡിസംബർ 12: ആലപ്പുഴയിലെ കുത്തിയതോടിൽ ബോട്ട് മറിഞ്ഞ് 2 പേർ മരിച്ചു.
2013 ജനുവരി 26: ആലപ്പുഴയിലെ പുന്നക്കാട് മേഖലയിൽ യാത്രാ ബോട്ട് മറിഞ്ഞ് 4 പേർ മരിച്ചു.
2013- ജൂൺ 11: പുന്നക്കാട് തന്നെ ശിക്കാര വള്ളം മുങ്ങി രണ്ടു പേർ മരിച്ചു.
2023 മേയ് 7: മലപ്പുറം താനൂർ തൂവൽത്തീരത്ത് ബോട്ട് മറിഞ്ഞ് 22 പേർ മരണപ്പെട്ടു.