പൊന്നാനി: മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് രണ്ടു പേർ മരണപ്പെട്ടു. അഴീക്കൽ സ്വദേശി അബ്ദുൽ സലാം, പൊന്നാനി സ്വദേശി ഗഫൂർ എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ കടലിൽ നിന്ന് കണ്ടെടുത്തു. അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്‍റെ ഉടമസ്ഥതയിലുള്ള ഇസ്ലാഹ് എന്ന ബോട്ടിലാണ് പൊന്നാനിയിൽ നിന്ന് പുറപ്പെട്ട സാഗർ യുവരാജ് എന്ന കപ്പൽ ഇടിച്ചത്. തിങ്കളാഴ്ച പുലർച്ചേയായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു. ബോട്ടിലുണ്ടായിരുന്ന നാലു പേരെ രക്ഷപ്പെടുത്തി. മറ്റു രണ്ടു പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്താൻ കഴിഞ്ഞത്. ഇരുവരുടെയും ദേഹത്ത് നിരവധി മുറിവുകളുമുണ്ട്. പൊന്നാനിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് അപകടമുണ്ടായത്.
അപകടത്തിന് സാധ്യതയുള്ള വിധം തീരത്തോട് ചേർന്നാണ് കപ്പൽ സഞ്ചരിച്ചിരുന്നതെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നുണ്ട്.