വയനാട്: മുണ്ടക്കൈ-ചൂരല്‍മല മേഖലയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടതെന്ന് കരുതുന്ന ഒരു മൃതദേഹ ഭാഗം കണ്ടെത്തി. പരപ്പന്‍പാറ ഭാഗത്തുനിന്ന് മരത്തില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹഭാഗം കണ്ടെത്തിയത്.
ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായി 3 മാസങ്ങൾ പിന്നിടുമ്പോഴാണ് മൃതദേഹഭാഗം കണ്ടെത്തുന്നത്. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് മൃതദേഹഭാഗം കണ്ടെടുത്തത്. ലഭിച്ച മൃതദേഹ ഭാഗം ആരുടേതെന്ന് കണ്ടെത്താന്‍ ഉടന്‍ ഡിഎന്‍എ പരിശോധന നടത്തും.
വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്താനായി തിരച്ചില്‍ പുന:രാരംഭിക്കണമെന്ന് ദുരിതബാധിതര്‍ ആവശ്യം ശക്തമാക്കുന്നതിനിടെയാണ് ഇപ്പോൾ പുതുതായി മൃതദേഹം കണ്ടെടുത്തത്. വീണ്ടും തിരച്ചില്‍ ആവശ്യപ്പെട്ട് ദുരിതബാധിതര്‍ ധര്‍ണയടക്കം നടത്തിയിരുന്നു. എന്നാൽ സാങ്കേതിക കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ തിരച്ചിലിന് തയ്യാറായിട്ടില്ല. 47 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.