ഡ്രൈ ഡേ ഒഴിവാക്കാൻ കോഴ? ബാർ ഉടമയുടെ ശബ്ദ സന്ദേശം പുറത്ത്

ഐടി പാർക്കുകളിൽ മദ്യശാലകൾ അനുവദിക്കുക, സ്റ്റാർ റേറ്റിങ്ങുള്ള ഹോട്ടലുകളിൽ ബിയർ വിൽക്കാൻ അനുവദിക്കുക, ബാറുകളിൽ കള്ള് വിൽപ്പന അനുവദിക്കുക തുടങ്ങിയ നിർദേശങ്ങളാണ് സർക്കാരിന്‍റെ പരിഗണനയിലുള്ളത്
Bribe hint ahead of Kerala liquor policy change
ഡ്രൈ ഡേ ഒഴിവാക്കാൻ കോഴ? ബാർ ഉടമയുടെ ശബ്ദ സന്ദേശം പുറത്ത്Representative image
Updated on

കൊച്ചി: സംസ്ഥാന സർക്കാർ ഡ്രൈ ഡേ ഒഴിവാക്കുന്നത് അടക്കമുള്ള മദ്യനയ പരിഷ്കരണം പരിഗണിക്കുന്ന സമയത്ത് പുതിയ വിവാദം പൊട്ടിപ്പുറപ്പെടുന്നു. മദ്യ നയം ബാർ ഉടമകൾക്കു സഹായകമായ രീതിയിൽ പരിഷ്കരിക്കാൻ കോഴ കൊടുക്കണമെന്ന സൂചനയാണ് ബാർ ഉടമകളുടെ സംഘടനാ നേതാവിന്‍റെ ശബ്ദരേഖയിൽ വ്യക്തമാകുന്നത്.

ഓരോ ബാർ ഉടമയും രണ്ടര ലക്ഷം രൂപ വീതം നൽകണമെന്നാണ് ശബ്ദ സന്ദേശത്തിലുള്ളത്. ബാർ ഉടമകളുടെ സംഘടനയിലെ ഇടുക്കി ജില്ലാ ഭാരവാഹിയുടെ ശബ്ദം എന്ന പേരിലാണ് ഇതു പ്രചരിക്കുന്നത്.

ഇത്തരത്തിലുള്ള പണപ്പിരിവ് ഇതിനകം തുടങ്ങിക്കഴിഞ്ഞെന്നും, മൂന്നിലൊന്ന് ആളുകൾ നൽകിക്കഴിഞ്ഞെന്നും, ശേഷിക്കുന്നവർ കഴിവനുസരിച്ച് ഉടൻ നൽകണമെന്നും ഇതിൽ പറയുന്നു. പണം കൊടുക്കാതെ ആരും സഹായിക്കില്ലെന്ന വാചകവും സന്ദേശത്തിലുണ്ട്.

ബാർ ഉടമകളുടെ സംഘടന വ്യാഴാഴ്ച കൊച്ചിയിൽ യോഗം ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് ശബ്ദ സന്ദേശം പ്രചരിച്ചു തുടങ്ങിയത്. സംഘടനയുടെ വാട്ട്സാപ്പ് ഗ്രൂപ്പിലാണ് ഇത് ആദ്യം വന്നത്. ഇവിടെ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ടെങ്കിലും മറ്റു ഗ്രൂപ്പുകളിൽ ഇതിപ്പോൾ പ്രചരിക്കുന്നുണ്ട്.

സംഘടനയുടെ യോഗം കൊച്ചിയിൽ നടന്നതായി സംസ്ഥാന ഭാരവാഹികൾ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, പണപ്പിരിവ് സംബന്ധിച്ച വിവരങ്ങൾ ഇവർ നിരാകരിക്കുന്നു.

എല്ലാ മാസവും ഒന്നാം തീയതികളിലുള്ള ഡ്രൈ ഡേ ഒഴിവാക്കുക, ബാറുകളുടെ പ്രവർത്തന സമയം കൂട്ടുക, ഐടി പാർക്കുകളിൽ മദ്യശാലകൾ അനുവദിക്കുക, സ്റ്റാർ റേറ്റിങ്ങുള്ള ഹോട്ടലുകളിൽ ബിയർ വിൽക്കാൻ അനുവദിക്കുക, ബാറുകളിൽ കള്ള് വിൽപ്പന അനുവദിക്കുക തുടങ്ങിയ നിർദേശങ്ങളാണ് സർക്കാരിന്‍റെ പരിഗണനയിലുള്ളത്.

Trending

No stories found.

Latest News

No stories found.