ഉന്നത വിദ്യാഭ്യാസമേഖലയെ ലോകോത്തര നിലവാരത്തിലെത്തിക്കും; മന്ത്രി ഡോ. ആർ. ബിന്ദു

കിഫ്ബി, സംസ്ഥാന പ്ലാൻ ഫണ്ട് തുടങ്ങിയ ഫണ്ടുകൾ വിനിയോഗിച്ച് ആയിരക്കണക്കിന് പദ്ധതികളാണ് ഉന്നത വിദ്യാഭ്യാസമേഖലയിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്
ഉന്നത വിദ്യാഭ്യാസമേഖലയെ ലോകോത്തര നിലവാരത്തിലെത്തിക്കും; മന്ത്രി ഡോ. ആർ. ബിന്ദു
Updated on

കോട്ടയം: ഉന്നതവിദ്യാഭ്യാസമേഖലയ്ക്ക് പ്രഥമ പരിഗണന നൽകി ലോകോത്തര നിലവാരത്തിലേക്കെത്തിക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹികനീതി മന്ത്രി ഡോ. ആർ ബിന്ദു. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (കോട്ടയം ഗവൺമെന്‍റ് എഞ്ചിനീയറിങ് കോളെജ്) പുതുതായി നിർമിച്ച ആർക്കിടെക്ചർ ബ്ലോക്കിന്റെയും മെൻസ് ഹോസ്റ്റലിന്‍റെയും ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

കിഫ്ബി, സംസ്ഥാന പ്ലാൻ ഫണ്ട് തുടങ്ങിയ ഫണ്ടുകൾ വിനിയോഗിച്ച് ആയിരക്കണക്കിന് പദ്ധതികളാണ് ഉന്നത വിദ്യാഭ്യാസമേഖലയിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. ഏറ്റവും മികച്ച ലബോറട്ടറി സംവിധാനങ്ങളും ലൈബ്രറിയും സ്മാർട്ട് ക്ലാസ് റൂമുകളുമാണ് വിദ്യാർഥികൾക്കായി സർക്കാർ ഒരുക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഈ നൂറ്റാണ്ടിൽ ലോകം ഉയർത്തുന്ന വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ കഴിയുന്ന തരത്തിൽ വിദ്യാർഥികളെ രൂപപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. നൂതനാശയങ്ങൾ സമൂഹത്തിന് പ്രയോജനപ്പെടും വിധം കൊണ്ടുവരാനും നാടിന് ആവശ്യമായ ഉൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നവരായി മാറാനും വിദ്യാർഥികൾക്ക് കഴിയണം. ഇതിലൂടെ തൊഴിലില്ലായ്മ ഒരു പരിധിവരെ കുറയ്ക്കാം. ഗവേഷണാത്മക പ്രവർത്തനങ്ങളിലും വിദ്യാർഥികളെ കൂടുതൽ സജ്ജരാക്കണം. സംസ്ഥാന സർക്കാർ വിദ്യാർഥികൾക്കായി 500 നവകേരള ഫെലോഷിപ്പുകൾ നൽകുന്നുണ്ട്. കൃഷി, വ്യവസായം, ആരോഗ്യം, തുടങ്ങിയ മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിർദേശങ്ങൾ പ്രയോഗരൂപത്തിൽ ആവിഷ്‌കരിക്കുന്നതിനായി മാസം ഒരു ലക്ഷം രൂപ വരെ ലഭിക്കുന്ന ഫെലോഷിപ്പുകൾ സംസ്ഥാന സർക്കാർ നൽകുന്നുണ്ട്. 1000 വിദ്യാർഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതിലൂടെ വിദ്യാർഥികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ സഹകരണ-രജിസ്ട്രേഷൻ മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസരംഗത്ത് സംസ്ഥാന സർക്കാർ കൂടുതൽ കരുതൽ നൽകുന്നു. വിദ്യാർഥികളുടെ ബൗദ്ധികവും ഭാവനാപരവുമായ സംഭാവനകളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ, തോമസ് ചാഴികാടൻ എം.പി എന്നിവർ വിശിഷ്ടാതിഥികളായി. പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി, ജില്ലാ പഞ്ചായത്തംഗം രാധാ വി. നായർ, ഗ്രാമപഞ്ചായത്ത് അംഗം സെബാസ്റ്റ്യൻ ജോസഫ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്റ്റർ ഡോ. എം.എസ് രാജശ്രീ, കോളെജ് പ്രിൻസിപ്പൽ ഡോ. എ. പ്രിൻസ്, പി.ടി.എ പ്രസിഡന്റ് വി.എം പ്രദീപ്, വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായർകുളം, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എം രാധാകൃഷ്ണൻ, സൂപ്രണ്ടിങ് എഞ്ചിനീയർ എം.ജി ലൈജു എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കോളെജിന് 3 ബസുകൾ എം.പി ഫണ്ട് മുഖേന നൽകിയ തോമസ് ചാഴികാടൻ എം.പിയെ എം.ജി സർവകലാശാലാ സിൻഡിക്കേറ്റംഗം റെജി സഖറിയ ആദരിച്ചു.

13.83 കോടി രൂപ ചെലവിൽ 3 നിലകളിലായി 5,801 ചതുരശ്രമീറ്ററിലാണ് ആർക്കിടെക്ടർ ബ്ലോക്ക് നിർമിച്ചിരിക്കുന്നത്. 6.6 കോടി രൂപ ചെലവിലാണ് 2,979 ചതുരശ്രമീറ്ററുള്ള മെൻസ് ഹോസ്റ്റൽ നിർമിച്ചിരിക്കുന്നത്. 4 നിലകളിലായി 225 വിദ്യാർഥികൾക്ക് താമസിക്കാനായി ഹോസ്റ്റലിൽ 74 മുറികളും ആധുനിക രീതിയിലുള്ള അടുക്കളയും മെസ് ഹാളും ക്രമീകരിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.