തിരുവനന്തപുരം: വയനാട്ടിലെ രക്ഷാദൗത്യത്തിന് പിന്തുണ നല്‍കുന്നതിന്‍റെ ഭാഗമായി ബി എസ് എന്‍ എല്‍ വയനാട് ജില്ലയിലെയും നിലമ്പൂര്‍ താലൂക്കിലെയും എല്ലാ ഉപഭോക്താക്കള്‍ക്കും 3 ദിവസത്തേക്ക് സൗജന്യ അണ്‍ലിമിറ്റഡ് കോളും ഡാറ്റാ ഉപയോഗ സൗകര്യവും ഏര്‍പ്പെടുത്തി. പ്രതിദിനം 100 സൗജന്യ എസ്എം എസ് സൗകര്യവും ലഭിക്കും. ചൂരല്‍മല, മുണ്ടക്കൈ വില്ലെജുകളിലെ ദുരിതബാധിതരായ എല്ലാവര്‍ക്കും സൗജന്യ മൊബൈല്‍ കണക്ഷനും ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്തു.
ചൂരല്‍മലയിലെ ഏക മൊബൈല്‍ ടവര്‍ ബിഎസ്എന്‍എല്ലിന്‍റേതാണ്. ചൂരല്‍മല, മേപ്പാടി മൊബൈല്‍ ടവറുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ 4ജി ആക്കി മാറ്റിയിട്ടുണ്ടെന്ന് ബിഎസ് എന്‍ എല്‍ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ സാജു ജോര്‍ജ് അറിയിച്ചു. ആരോഗ്യ വകുപ്പിന് പ്രത്യേക ടോള്‍ ഫ്രീ നമ്പറുകളും ജില്ലാ ഭരണകൂട ആസ്ഥാനത്തേക്കും ദുരിതാശ്വാസ കോര്‍ഡിനേറ്റര്‍മാര്‍ക്കും അതിവേഗ ഇന്‍റര്‍നെറ്റ് കണക്ഷനുകളും മൊബൈല്‍ സേവനവും ബി എസ് എന്‍ എല്‍ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്.