തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഡിസംബർ 10 ന് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ. 11 ജില്ലകളിലായി 4 ബ്ലോക്ക്പഞ്ചായത്ത് വാർഡുകൾ, 3 മുനിസിപ്പാലിറ്റി വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ്. എറണാകുളം, വയനാട്, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
വിജ്ഞാപനം വെള്ളിയാഴ്ച പുറപ്പെടുവിക്കും. നാമനിർദേശ പത്രിക 22 വരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന 23 ന്. പത്രിക 25 വരെ പിൻവലിക്കാം. വോട്ടെണ്ണൽ ഡിസംബർ 11ന് രാവിലെ 10ന് നടത്തും. വോട്ടെടുപ്പിനായി 192 പോളിങ് ബൂത്തുകൾ സജ്ജമാക്കും.
തെരഞ്ഞെടുപ്പു മടക്കുന്ന പ്രദേശങ്ങളിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മുനിസിപ്പാലിറ്റികളിൽ അതാത് വാർഡുകളിലും ഗ്രാമപഞ്ചായത്തുകളിൽ മുഴുവൻ പ്രദേശത്തും പെരുമാറ്റചട്ടം ബാധകമാണ്. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ ഉപതെരഞ്ഞെടുപ്പുള്ള വാർഡുകളിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് പെരുമാറ്റച്ചട്ടം. അന്തിമ വോട്ടർപട്ടിക കഴിഞ്ഞ 19 ന് പ്രസിദ്ധീകരിച്ചു.