23 തദ്ദേശ വാർഡുകളിൽ 22ന് ഉപതെരഞ്ഞെടുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ 23 തദ്ദേശ വാർഡുകളിൽ 22ന് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ. വോട്ടെണ്ണൽ 23ന് രാവിലെ 10ന് നടത്തും.
വോട്ടെടുപ്പ് വ്യാഴാഴ്ച രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ്. സമ്മതിദായകർക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയൽ രേഖകളായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എൽസി ബുക്ക്, ഏതെങ്കിലും ദേശസാൽക്കൃത ബാങ്കിൽ നിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് 6 മാസ കാലയളവിന് മുൻപുവരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാം.
10 ജില്ലകളിലായി ഒരു കോർപ്പറേഷൻ വാർഡിലും 4 മുനിസിപ്പാലിറ്റി വാർഡുകളിലും 18 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് . ആകെ 88 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. അതിൽ 33 പേർ സ്ത്രീകളാണ്. 23 വാർഡുകളിലെ അന്തിമ വോട്ടർ പട്ടികയിൽ ആകെ 32,512 വോട്ടർമാരാണുള്ളത്. 15,298 പുരുഷൻമാരും 17,214 സ്ത്രീകളും.
വോട്ടെടുപ്പിന് 41 പോളിംഗ് ബൂത്തുകൾ സജ്ജമാക്കി. പോളിങ് ഉദ്യോഗസ്ഥർക്ക് പരിശീലനം പൂർത്തിയായി. ബാലറ്റ് പേപ്പറുകൾ അച്ചടിച്ച് വരണാധികാരികൾക്ക് കൈമാറി. വോട്ടിങ മെഷീനുകൾ സജ്ജമാക്കി.