എം.ബി. സന്തോഷ്
തിരുവനന്തപുരം: ചേലക്കരയിൽ സിപിഎമ്മിന് ജയിച്ചേ മതിയാവൂ. നിലവിൽ മൂന്നാമതുള്ള പാലക്കാട്ട് ജയിച്ചാൽ സന്തോഷം. വയനാട്ടിൽ കഴിഞ്ഞ തവണത്തേക്കാൾ വോട്ടു കിട്ടിയാൽ നേട്ടം എന്നല്ലാതെ അവിടെ ജയം ഇടതുമുന്നണി പ്രവർത്തകർ പോലും പ്രതീക്ഷിക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധി മുതൽ കണ്ണൂർ എഡിഎമ്മിന്‍റെ ആത്മഹത്യ വരെയുള്ള പ്രശ്നങ്ങളിൽ എൽഡിഎഫ് സർക്കാർ പ്രതിരോധത്തിൽ നിൽക്കുമ്പോൾ സിറ്റിങ് സീറ്റായ ചേലക്കര നിലനിർത്തിയേ തീരൂ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 39,400 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലം നല്ല ഭൂരിപക്ഷത്തിൽ ജയിക്കുക തന്നെ വേണം. മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണൻ തന്നെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടും ചേലക്കര 5,173 വോട്ടിന്‍റെ ഭൂരിപക്ഷമേ നൽകിയിട്ടുള്ളൂ എന്നത് എൽഡിഎഫിനെ അസ്വസ്ഥമാക്കുന്നുണ്ട്. 2016ലെ കന്നി മത്സരത്തിൽ 10,000ത്തിലേറെ വോട്ടിന് ജയിച്ച യു.ആർ. പ്രദീപ് ഇത്തവണ അതിനെ മറികടക്കാനുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
സിപിഎം സ്വതന്ത്രനായിരുന്ന പി.വി. അൻവർ എംഎൽഎയുടെ "ഡിഎംകെ'' സ്ഥാനാർഥിയായി കെപിസിസി മുൻ സെക്രട്ടറി എൻ.കെ. സുധീർ മത്സരിക്കുന്നത് കോൺഗ്രസ് വോട്ടുകൾ ഭിന്നിപ്പിക്കുമെന്നാണ് സിപിഎം വിശ്വാസം. കോൺഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസിന്‍റെ കഴിഞ്ഞ തോൽവിയിലെ സഹതാപം വോട്ടാകാതിരിക്കാൻ സിപിഎം ശ്രദ്ധിക്കുന്നുണ്ട്.
പാലക്കാട്ട് 55,000 വോട്ട് കിട്ടിയാൽ ജയിക്കാമെന്നാണ് സിപിഎം കണക്ക്. എന്നാൽ, അവിടെ 35,000 വോട്ടാണ് എൽഡിഎഫിന്‍റേത്. 20,000 വോട്ട് അധികമായി സമാഹരിക്കാൻ കോൺഗ്രസ് വിട്ടു വന്ന ഡോ. പി. സരിന് കഴിയുമോ എന്നാണ് സിപിഎം പരീക്ഷിക്കുന്നത്. ഡോക്റ്റർ, സിവിൽ സർവീസ് എന്നീ യോഗ്യതകളിലൂന്നിയ പ്രചാരണത്തിലൂടെ കഴിഞ്ഞ തവണ ബിജെപിയുടെ ഇ. ശ്രീധരന് പോയ നിഷ്പക്ഷ വോട്ടുകൾ ലക്ഷ്യമിടുന്നു. കോൺഗ്രസിലെയും ബിജെപിയിലെയും പടലപ്പിണക്കങ്ങളും അനുകൂല വോട്ടായിക്കൂടെന്നില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ മൂന്നാം സ്ഥാനത്തുള്ള പാലക്കാട് മൂന്നാമതായിരുന്ന വട്ടിയൂർക്കാവ് വീണ്ടെടുത്തതു പോലെ പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് മണ്ഡലത്തിലെ പ്രവർത്തനങ്ങൾ. ചേലക്കര നിലനിർത്തുകയും പാലക്കാട് പിടിക്കുകയും ചെയ്താൽ തദ്ദേശ ജയം മാത്രമല്ല, മൂന്നാം തുടർഭരണവും സിപിഎം കണക്കുകൂട്ടുന്നു.
വയനാട് പാർലമെന്‍റ് സീറ്റിൽ സത്യൻ മൊകേരി ആദ്യം മത്സരിച്ചപ്പോൾ കോൺഗ്രസിന്‍റെ ഭൂരിപക്ഷം 20,000 ആയി കുറച്ചിരുന്നു. കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് 60 ശതമാനത്തോളം വോട്ട് കിട്ടിയപ്പോൾ 26 ശതമാനമാണ് സിപിഐ ദേശീയ നേതാവ് ആനി രാജ സമാഹരിച്ചത്. അതിനെ മറികടക്കാനുള്ള പ്രവർത്തനമാണ് എൽഡിഎഫിന്‍റേത്.