തിരുവനന്തപുരം: മനുഷ്യ- വന്യ ജീവി സംഘര്‍ഷം സംസ്ഥാനത്ത് പ്രത്യേക ദുരന്തമായി (സ്റ്റേറ്റ് സ്പെസിഫിക്ക് ഡിസാസ്റ്റര്‍) പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ പ്രവര്‍ത്തനം കൂടി ഇതില്‍ ഉള്‍പ്പെടുത്തി ഏകോപിപ്പിക്കും. മുഖ്യമന്ത്രി- മന്ത്രി തലത്തിലും ഉദ്യോഗസ്ഥ തലത്തിലുമുള്ള നാല് സമിതികള്‍ ജില്ലാ, പ്രദേശിക തലത്തില്‍ ഉള്‍പ്പെടെ രൂപീകരിക്കും. സംസ്ഥാനത്ത് രണ്ടു ദിവസത്തിനിടെ ആനയുടെയും കാട്ടുപോത്തിന്‍റെയും ആക്രമണത്തിൽ മൂന്നു ജീവനുകൾ പൊലിഞ്ഞതോടെയാണ് നടപടി.
എല്ലാ സമിതികളുടെയും ചുമതലകളും പ്രവര്‍ത്തന രീതിയും ചീഫ് സെക്രട്ടറി, വനം വകുപ്പ് സെക്രട്ടറിയുമായി ചര്‍ച്ച ചെയ്ത് തയാറാക്കും. മുഖ്യമന്ത്രി അധ്യക്ഷനായി സംസ്ഥാന തല സമിതി രൂപീകരിക്കും. ഇതിൽ ആഭ്യന്തര, റവന്യൂ , വനം , പട്ടികജാതി-പട്ടികവർഗ്ഗ , തദ്ദേശ സ്വയംഭരണ, കൃഷി , വനം സെക്രട്ടറിമാരും, പിസിസിഎഫ് ആൻഡ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ, ദുരന്തനിവാരണ അഥോറിറ്റി മെംബർ സെക്രട്ടറി എന്നിവർ അംഗങ്ങളുമായിരിക്കും.
ജില്ലാ ചുമതലയുള്ള മന്ത്രി അധ്യക്ഷനായും ജില്ലാ കലക്റ്റർ, എസ് പി, ഡിഎഫ്ഒ, ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം), എൽഎസ് ജിഡി ഡെപ്യൂട്ടി ഡയറക്റ്റർ, പട്ടികജാതി- പട്ടികവർഗ്ഗ ഡെപ്യൂട്ടി ഡയറക്റ്റർ, ജില്ലാ കൃഷി വകുപ്പ് ഓഫിസർ, ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസർ എന്നിവരടങ്ങുന്ന ഒരു നിയന്ത്രണ സംവിധാനം രൂപീകരിക്കും. ജില്ലയിലെ ഇതു സംബന്ധിച്ച മുഴുവൻ കാര്യങ്ങളും ഈ കമ്മിറ്റിയുടെ നിർദേശ പ്രകാരവും മേൽനോട്ടത്തിലും ആയിരിക്കും.