തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ സര്‍ജിക്കല്‍ സിസര്‍ വയറ്റില്‍ മറന്നുവച്ച് ശസ്ത്രക്രിയ പൂര്‍ത്തിയാക്കി എന്നാരോപിച്ച് സത്യഗ്രഹം നടത്തിയ കെ.കെ. ഹര്‍ഷിനയുടെ അപേക്ഷയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 2 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ആരോഗ്യവകുപ്പിന്റെ കീഴില്‍ നടത്തിയ 2 അന്വേഷണങ്ങളിലും ശസ്ത്രക്രിയാ ഉപകരണം ഏത് അവസരത്തിലാണ് വയറ്റില്‍ കുടുങ്ങിയതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ ആഭ്യന്തര വകുപ്പ് ഇതേക്കുറിച്ച് അന്വേഷണം നടത്താനും തീരുമാനിച്ചു.
നഷ്ടപരിഹാരം തേടി ഈ മാസം ആദ്യം ഹർഷിന കോഴിക്കോട് മെഡിക്കൽ കോളെജിനു മുന്നിൽ സമരം ആരംഭിച്ചിരുന്നു. മെഡിക്കൽ കോളെജിലെത്തിയ ആരോഗ്യമന്ത്രി രണ്ടാഴ്ചയ്ക്കുള്ളിൽ നഷ്ടപരിഹാരം അടക്കമുള്ള കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ഹർഷിനയ്ക്ക് ഉറപ്പുനൽകിയിരുന്നു. അത് നീണ്ടുപോയതോടെ സമരം സെക്രട്ടേറിയറ്റിന് മുന്നിലേയ്ക്ക് വ്യാപിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നഷ്ടപരിഹാരത്തിനും അന്വേഷണത്തിനുമുള്ള തീരുമാനം.
പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കുടുങ്ങിയ കത്രിക 5 വർഷത്തിനു ശേഷം കഴിഞ്ഞ വർഷമാണ് കോഴിക്കോട് മെഡിക്കൽ കോളെജിലെ ശസ്ത്രക്രിയയ്ക്കു ശേഷം നീക്കം ചെയ്തത്.
അതേസമയം സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം അപര്യാപതമെന്ന് പരാതിക്കാരി കെ.കെ. ഹര്‍ഷിന. ഇത്രയും കാലം താൻ അനുഭവിച്ച വേദനയെ അപഹസിക്കലാണ് ഇപ്പോള്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക. ഇത്രയും കാലത്തെ ചികിത്സയ്ക്കു തന്നെ നല്ലൊരു തുക ചെലവായി. ഈ നഷ്ടപരിഹാരം സ്വീകരിക്കില്ല. സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം തുടങ്ങാനുള്ള തീരുമാനവുമായി മുന്നോട്ടുപോകും.
കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിക്ക് മുന്നില്‍ സമരം ഇരുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം അവസാനം ആരോഗ്യമന്ത്രി തന്നെ നേരിട്ടു വന്ന് കണ്ടിരുന്നു. മന്ത്രി നിര്‍ദേശിച്ച പ്രകാരമാണ് വീണ്ടും നിവേദനം സ്പീഡ് പോസ്റ്റായും ഇ-മെയിലായും അയച്ചത്. തന്റെ വേദന ഉള്‍ക്കൊള്ളുന്നുവെന്നു പറഞ്ഞ മന്ത്രി 2 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചത് ആളെ കളിയാക്കുന്നതിനു തുല്യമാണ്- ഹര്‍ഷിന പറഞ്ഞു.