കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗത്തിനെത്തിയ അംഗങ്ങളെ തടഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ. ബിജെപി അനുകൂലികളാണെന്ന് ആരോപിച്ചാണ് അഞ്ചംഗങ്ങളെ കവാടത്തിലേക്ക് കയറ്റാതെ തടഞ്ഞത്. സെനറ്റ് ഹാളിന്‍റെ മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കിക്കൊണ്ടിരിക്കുകയാണ്.
എന്നാൽ യുഡിഎഫ് പ്രതിനിധികളായ സെനറ്റ് അംഗങ്ങളെ കടത്തിവിട്ടു. കവാടത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്ത എസ്എഫ്ഐ പ്രവർത്തകർ ഓരോ അംഗങ്ങളുടെയും പേരുചോദിച്ചാണ് കടത്തിവിട്ടത്. ഇതോടെയാണ് പൊലീസ് ഇടപെട്ടത്. പ്രവീൺകുമാർ, മനോജ് സി, ഹരീഷ്. എവി, ബാലൻ പൂതേരി, അഫ്സൽ ഗുരുക്കൾ, അശ്വിൻ എന്നിവരെയാണ് പുറത്തുനിർത്തിയത്. ഇവരെ സംഘപരിവാർ നോമിനികളെന്ന് ആരോപിച്ച് എസ്എഫ്ഐ തടഞ്ഞ് പുറത്ത് നിർത്തുകയായിരുന്നു.
സംഘപരിവാർ അനുകൂലികളായ സെനറ്റ് അംഗങ്ങളെ തടയുമെന്ന നിലപാടിലാണ് എസ് എഫ് ഐ. അതിനിടെ, എസ്എഫ്ഐ ജോയിന്‍റ് സെക്രട്ടറി ഇ.അഫ്സൽ അടക്കമുള്ള എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബാക്കിയുള്ളവർ സെനറ്റ് ഹാളിന് മുന്നിൽ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. ഗവർണർ നാമനിർദേശം ചെയ്ത 9 സംഘപരിവാർ അംഗങ്ങളെ തടയുമെന്നാണ് എസ്എഫ്ഐ അറിയിച്ചത്. അതിനിടെ, തടഞ്ഞ അംഗങ്ങൾ അകത്തേക്ക് കയറാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്.