ദേശീയപാതയിൽ 10 കിലോമീറ്റർ ഇടവിട്ട് ക്യാമറകൾ സ്ഥാപിക്കും

ഓരോ 100 കിലോമീറ്ററിലും സ്ഥാപിക്കുന്ന അത്യാധുനിക കമാൻഡ് & കൺട്രോൾ കേന്ദ്രങ്ങൾ വിവിധ ക്യാമറ ഫീഡുകൾ സംയോജിപ്പിക്കും
Cameras on a highway, representative image
Cameras on a highway, representative image
Updated on

ജിബി സദാശിവൻ

കൊച്ചി: റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അപകടങ്ങൾ, സംഭവങ്ങൾ എന്നിവയുടെ പ്രതികരണ സമയം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ട് നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ, അപ്‌ഗ്രേഡഡ്, ഫോർവേഡ്-ലുക്കിംഗ് അഡ്വാൻസ്ഡ് ട്രാഫിക് മാനേജ്‌മെന്‍റ് സിസ്റ്റം (എടിഎംഎസ്) മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനായി പുതുക്കിയ നയം പുറത്തിറക്കി. നിർമിത ബുദ്ധി സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ പ്രയോജനപ്പെടുത്തിയാകും എടിഎംഎസ് നടപ്പാക്കുക.

ഇതിനായി നേരത്തെ ഉണ്ടായിരുന്ന വിഐഡിഎസ് ക്യാമറകൾക്ക് പകരം പുതിയതായി അവതരിപ്പിച്ച വീഡിയോ ഇൻസിഡന്‍റ് ഡിറ്റക്ഷൻ ആൻഡ് എൻഫോഴ്‌സ്‌മെന്‍റ് സിസ്റ്റം (വൈഡ്‌സ്) നിലവിൽ വരും. ഇതോടെ ദേശീയ പാതയോരങ്ങളിൽ ഓരോ 10 കിലോമീറ്ററിലും ഇത്തരം ക്യാമറകൾ സ്ഥാപിക്കും. ഓരോ 100 കിലോമീറ്ററിലും സ്ഥാപിക്കുന്ന അത്യാധുനിക കമാൻഡ് & കൺട്രോൾ കേന്ദ്രങ്ങൾ വിവിധ ക്യാമറ ഫീഡുകൾ സംയോജിപ്പിക്കും. ഇതുകൂടാതെ, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എഎൻപിആർ) ക്യാമറകൾ പ്രയോജനപ്പെടുത്തി, വെഹിക്കിൾ സ്പീഡ് ഡിറ്റക്ഷൻ സിസ്റ്റം (വി എസ് ഡി എസ് ) വീഡിയോകളിൽ ലഭ്യമാക്കും.

ഇതിന് പുറമെ ട്രാഫിക് മോണിറ്ററിംഗ് ക്യാമറ സിസ്റ്റവും (ടിഎംസിഎസ്) നവീകരിക്കും. ദേശീയ പാതയിൽ ഓരോ കിലോമീറ്ററിലും ഇടവിട്ട് സ്ഥാപിച്ചിരിക്കുന്ന ഈ ക്യാമറകൾക്ക് അപകടങ്ങളും നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളും കണ്ടെത്താനുള്ള കഴിവുകൾ പോലുള്ള വിപുലമായ സംവിധാനം നൽകിയിട്ടുണ്ട്. ഈ സംരംഭം ദേശീയ പാതകളിലും എക്‌സ്പ്രസ് വേകളിലും റോഡ്,ഡിജിറ്റൽ സുരക്ഷ വർധിപ്പിക്കും.ഇരു ചക്ര വാഹനത്തിൽ 3 പേരുടെ യാത്ര,ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവയുടെ ലംഘനങ്ങൾ, തെറ്റായ പാതയിലോ ദിശയിലോ ഉള്ള ഡ്രൈവിംഗ്, ഹൈവേയിൽ മൃഗങ്ങളുടെ സാന്നിധ്യം, കാൽനട ക്രോസിംഗുകൾ എന്നിവയുൾപ്പെടെ 14 വ്യത്യസ്ത സംഭവങ്ങൾ തിരിച്ചറിയാൻ വൈഡ്‌സിന് കഴിയും.

കണ്ടെത്തുന്ന നിയമലംഘനങ്ങളോ അപകടമോ അപകട സൂചനയോ റൂട്ട് പട്രോളിംഗ് വാഹനങ്ങളെയോ ആംബുലൻസുകളെയോ അറിയിക്കും. ഇ-ചലാനുകൾ സൃഷ്ടിക്കാനും അടുത്തുള്ള വേരിയബിൾ സന്ദേശമയയ്‌ക്കൽ സംവിധാനത്തിലേക്ക് ജാഗ്രത നിർദേശം നൽകാനും സമീപത്തുള്ള യാത്രക്കാർക്ക് രാജ്മാർഗ്യാത്ര മൊബൈൽ ആപ്പ് വഴി അറിയിപ്പുകൾ നൽകാനും ഈ സംവിധാനത്തിന് കഴിയും.

പ്രാദേശിക ട്രാഫിക് ഏജൻസികളുമായുള്ള സഹകരണം ശക്തിപ്പെടുത്തിക്കൊണ്ട്, ട്രാഫിക് പൊലീസിന് എൻഎച്ച്എഐ കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിൽ പ്രത്യേക വർക്ക് സ്റ്റേഷനുകൾ അനുവദിക്കും. മാത്രമല്ല, തത്സമയ ഏകോപനവും പ്രതികരണവും വർധിപ്പിക്കുന്നതിന് നെറ്റ്‌വർക്കിലൂടെ ക്യാമറ ഫീഡുകൾ പങ്കിടുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തും.

ഒപ്റ്റിക് ഫൈബർ കേബിളുകളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനായി ദേശീയ പാതയോരങ്ങളിൽ സംയോജിത യൂട്ടിലിറ്റി കോറിഡോറുകൾ വികസിപ്പിച്ചുകൊണ്ട് ഡിജിറ്റൽ ഹൈവേകൾ നടപ്പിലാക്കാനും പുതിയ നയം വ്യവസ്ഥ ചെയ്യുന്നു. കമാൻഡ് & കൺട്രോൾ സെന്‍ററുമായി ആശയവിനിമയം നടത്താൻ എ റ്റി എം എസ് ഉപകരണങ്ങൾ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ ഉപയോഗിക്കുമെങ്കിലും, ഭാവിയിൽ കവറേജ് വർധിക്കുന്നതിനനുസരിച്ച് 5 ജി അടിസ്ഥാനമാക്കിയുള്ള ആശയവിനിമയത്തിനും നയത്തിൽ വ്യവസ്ഥകളുണ്ട്.

Trending

No stories found.

Latest News

No stories found.