ജിഷാ മരിയ
കൊച്ചി: സംസ്ഥാനത്തെ സ്വാശ്രയ നഴ്‌സിങ് കോളെജുകളില്‍ ലക്ഷങ്ങൾ തലവരി വാങ്ങുന്നതിനാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അർഹരായ വിദ്യാർഥികളിൽ പലർക്കും അവസരം നഷ്ടമായതായി ആക്ഷേപം. കോളെജ് മാനെജ്മെന്‍റുകൾ സർക്കാരുമായി ഉണ്ടാക്കിയ ധാരണയ്ക്ക് വിരുദ്ധമായി 7മുതല്‍ 12ലക്ഷം രൂപ വരെ ക്യാപിറ്റേഷൻ ഫീ ഈടാക്കുന്നതായാണ് പരാതി.
ഇതു മൂലം നല്ല മാര്‍ക്കോടുകൂടി പ്ലസ് ടു പാസായ സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് നഴ്‌സിങ് ഉപരിപഠനം സ്വപ്‌നമായി അവശേഷിക്കുകയാണ്.
കേരളത്തിൽ 156 നഴ്‌സിങ് കോളേജുകളാണുള്ളത്. നഴ്സിങ് പഠനത്തിനുള്ള അഡ്മിഷൻ ഒക്റ്റോബർ 31നു പൂർത്തിയായി. അമ്പത് ശതമാനം സര്‍ക്കാര്‍ സീറ്റുകളില്‍ അഡ്മിഷന്‍ മാനേജ്‌മെന്‍റിന് ഇഷ്ടമുള്ള രീതിയില്‍ നടത്താമെന്ന് ആരോഗ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എൽബിഎസ് അനുവാദം നല്‍കിയിരുന്നു. ഇതിനായി ഒക്റ്റോബര്‍ 31വരെ വരെ സമയവും നല്‍കി. മാനേജ്‌മെന്‍റ് അസോസിയേഷന്‍ നേരത്തെ തയാറാക്കിയ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയാണുണ്ടായതെന്ന് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷിഹാബ്. മാര്‍ക്ക് കുറഞ്ഞ വിദ്യാർഥികള്‍ പണം നല്‍കി സീറ്റ് ഉറപ്പിച്ചപ്പോള്‍ സാധാരണക്കാരായ ഒരുകൂട്ടം വിദ്യാർഥികള്‍ക്ക് തങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലായതായും അദ്ദേഹം പറഞ്ഞു.
അഡ്മിഷന്‍ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് ഏജന്‍റുമാരും ലക്ഷകണക്കിന് രൂപയാണ് ആവശ്യപ്പെടുന്നത്. അഡ്മിഷനുവേണ്ടി അഡ്വാൻസ് തുക ഏജന്‍റുമാർക്ക് നൽകിയ വിദ്യാർഥികൾക്ക് അഡ്മിഷന്‍ ലഭിക്കാതെ വന്നതോടെ ഏജന്‍റുമാരുമായി ബന്ധപ്പെട്ടപ്പോള്‍ മറുപടി കിട്ടാതായതോടെ പലരും പൊലീസില്‍ പരാതി നല്‍കിയതായി വിദ്യാർഥികള്‍ പറഞ്ഞു.
നഴ്‌സിങ് കൗണ്‍സില്‍ അംഗങ്ങള്‍ തന്നെ ഏജന്‍റുമാരായി കച്ചവടം നടത്തുകയാണ്. 92% മാര്‍ക്കുള്ള കുട്ടികള്‍ക്ക് അഡ്മിഷന്‍ ലഭിക്കാതെ 60% മാര്‍ക്കുള്ളവര്‍ക്ക് അഡ്മിഷന്‍ നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാരും ഇന്ത്യന്‍ നേഴ്‌സിംഗ് കൗണ്‍സിലും നല്‍കിയ നിര്‍ദേശങ്ങള്‍ ലംഘിച്ചാണ് സംസ്ഥാന ആരോഗ്യ വകുപ്പും കേരള നഴ്‌സിങ് കൗണ്‍സിലും ദിനേശന്‍ കമ്മിറ്റിയും കൂട്ടുനില്‍ക്കുന്നതെന്നും ആക്ഷേപമുണ്ട്.
നിയമ നടപടിക്കും തയാറാവുകയാണ് വിദ്യാർഥികൾ. സംസ്ഥാനത്തെ നഴ്‌സിങ് സ്‌കൂളുകളില്‍ അഡ്മിഷന്‍ കിട്ടാതെ വരുന്നതിനാല്‍ ഇതര സംസ്ഥാനങ്ങളെ ആശ്രയിച്ച് പഠിക്കേണ്ട ഗതികേടിലാണ് വിദ്യാർഥികള്‍. ഇത്തരത്തിൽ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കോളെജുകളിലേക്കാണ് വിദ്യാർഥികള്‍ക്ക് ഉപരിപഠനത്തിനായി പോകേണ്ടി വരുന്നത്.