കാസർഗോഡ്: പർദ്ദ ധരിച്ച വിദ്യാർഥികൾ ബസ് തടയുന്ന ചിത്രം ഉപയോഗിച്ച് വിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തിൽ ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്‍റണിക്കെതിരേ കേസെടുത്തു. കാസർഗോഡ് സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അനിൽ ആന്‍റണിയെക്കൂടി പ്രതി ചേർത്തത്. കോളെജിനടുത്ത് ബസിന് സ്റ്റോപ്പ് ആവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തിയ സമരത്തിന്‍റെ ദൃശ്യങ്ങളാണ് തെറ്റിദ്ധാരണ പരത്താനായി ഉപയോഗിച്ചിരുന്നത്. ഇതു ചൂണ്ടിക്കാട്ടിക്കൊണ്ട് എസ്എഫ്ഐ കാസർഗോഡ് ജില്ലാ സെക്രട്ടറി അഡ്വ. എം.ടി. സിദ്ധാർഥൻ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതി പ്രകാരമാണ് സൈബർ പൊലീസ് കേസെടുത്തത്.
സമരം ചെയ്യുന്ന വിദ്യാർഥികളുടെ ചിത്രം പങ്കു വച്ചു കൊണ്ട് ഹിന്ദു സ്ത്രീയെ പർദ ധരിക്കാൻ നിർബന്ധിക്കുന്നുവെന്നാണ് പ്രചരിപ്പിച്ചിരുന്നത്. എമി മേക് എന്ന പ്രൊഫൈലാണ് ഇത്തരത്തിൽ വ്യാജപ്രചരണത്തിന് തിരി കൊളുത്തിയത്.
പ്രൊഫൈലിനെതിരേ തുടക്കത്തിലേ പൊലീസ് ഐപിസി 153 എ( മതവിദ്വേഷം പരത്താനുള്ള ശ്രമം) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. അനിൽ ആന്‍റണി അടക്കമുള്ളവർ വസ്തുതാവിരുദ്ധമായ പോസ്റ്റ് പങ്കുവയ്ക്കുകയായിരുന്നു. സത്യാവസ്ഥ പുറത്തു വന്നതിനു പുറകേ അനിൽ ആന്‍റണിയും മറ്റു പലരും വ്യാജ പ്രചാരണ പോസ്റ്റ് നീക്കം ചെയ്തു.