പി.ബി. ബിച്ചു
വിഴിഞ്ഞം: ദശാബ്ദങ്ങളുടെ കാത്തിരിപ്പിനു വിരാമമിട്ട് തിരുവനന്തപുരത്തെ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം പ്രവർത്തനമാരംഭിച്ചു. ആഗോള കടൽ വ്യാപാര മേഖലയെ ഇന്ത്യയിലേക്ക് ആനയിച്ച് ചൈനയിലെ ഷിയാമൻ തുറമുഖത്തു നിന്നെത്തിയ ആദ്യ മദർ ഷിപ്പായ "സാൻ ഫെർണോണ്ടോ'യിൽ നിന്നു കണ്ടൈയ്നറുകൾ ഇറക്കിയ ശേഷം കപ്പൽ മടങ്ങും. വിഴിഞ്ഞത്ത് നടന്ന പ്രൗഢഗംഭീര ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര തുറമുഖ- ഷിപ്പിങ് മന്ത്രി സർബാനന്ദ് സോനോവാളും അദാനി ഗ്രൂപ്പ് മാനെജിങ് ഡയറക്റ്റർ കരൺ അദാനിയും ചേർന്ന് മദർ ഷിപ്പിനെ ഔദ്യോഗികമായി സ്വീകരിച്ചു. വിവിധ വർണങ്ങളിലെ ബലൂണുകൾ ആകാശത്തേക്ക് പറത്തി മന്ത്രിമാരും അദാനി പോർട്സ് ഭാരവാഹികളും ട്രയൽ റൺ ഉദ്ഘാടന ചടങ്ങിന്‍റെ ഭാഗമായി. കപ്പലിലെ ക്യാപ്റ്റനും ജീവനക്കാർക്കും മന്ത്രിമാർ ഉപഹാരം നൽകി. ആദ്യ മദർ ഷിപ്പ് എത്തിയതിന്‍റെ ശിലാഫലകം മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു.
നിലവിൽ ട്രയൽ അടിസ്ഥാനത്തിലാണ് കപ്പലെത്തിയതെങ്കിലും പിന്നാലെ തന്നെ പൂര്‍ണ പ്രവര്‍ത്തന രീതിയിലേക്കു മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പോര്‍ട്ടുകളുടെ പോര്‍ട്ട് എന്നു പറയാവുന്ന വിധത്തിൽ, ഏതാണ്ട് മദര്‍ പോര്‍ട്ട് എന്നു വിശേഷിപ്പിക്കാവുന്ന വിധത്തിൽ സുസജ്ജമായ തുറമുഖമായി ഇതു മാറുകയാണ്. തുറമുഖം പൂര്‍ണ പ്രവര്‍ത്തന സജ്ജമാകുന്നതോടെ രാജ്യത്തെ കണ്ടെയ്നര്‍ ബിസിനസിന്‍റെ കേന്ദ്രമായി കേരളം മാറും. വ്യവസായം, വാണിജ്യം, ഗതാഗതം, ടൂറിസം തുടങ്ങിയ രംഗങ്ങളിൽ വലിയ വികസനത്തിനും അങ്ങനെ സംസ്ഥാനത്തിന്‍റെ പൊതുവായ സാമ്പത്തിക വളര്‍ച്ചയ്ക്കും വിഴിഞ്ഞം തുറമുഖം കാരണമാകും.
വിഴിഞ്ഞം തുറമുഖത്തേക്ക് കപ്പലുകള്‍ എത്തുന്നത് സംസ്ഥാനത്തിന്‍റെ നികുതി വരുമാനം വർധിപ്പിക്കും. വിഴിഞ്ഞം തുറമുഖം വഴി കേരളത്തിലേക്ക് ചരക്കിറക്കുമ്പോള്‍ അതിന്‍റെ മൂല്യത്തിന്മേൽ ഇന്‍റഗ്രേറ്റഡ് ജിഎസ്ടി കൂടി കസ്റ്റംസ് വിഭാഗം ഈടാക്കും. ഇതിന്‍റെ പകുതി സംസ്ഥാനത്തിന് ലഭിക്കും. പുറമെ ചരക്കുകള്‍ ലോഡ് ചെയ്യുന്നതിനും അണ്‍ലോഡ് ചെയ്യുന്നതിനുമുള്ള ഫീസുമായി ബന്ധപ്പെട്ട നികുതിയും ലഭിക്കും. തുറമുഖം കപ്പലുകള്‍ക്ക് നൽകുന്ന മറ്റു സേവനങ്ങളുടെ ഫീസിന്മേലും നികുതി ലഭിക്കും. കപ്പലുകള്‍ തുറമുഖത്ത് ഇന്ധനം നിറയ്ക്കുന്ന ചില സാഹചര്യങ്ങളിലും സംസ്ഥാനത്തിന് നികുതി ലഭിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. സ്പീക്കർ എ.എൻ. ഷംസീറും എത്തി. മന്ത്രിമാരായ വി. ശിവൻകുട്ടി, കെ. രാജൻ, കെ.എൻ. ബാലഗോപാൽ, സജി ചെറിയാൻ, ജി.ആർ. അനിൽ, ഒ.ആർ. കേളു, എ.എ. റഹീം എംപി, എം. വിൻസന്‍റ് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ഡയറക്റ്റർ ജനറൽ ഓഫ് ഷിപ്പിങ് ശ്യാം ജഗന്നാഥൻ, വിഴിഞ്ഞം പോർട്ട് എംഡി ദിവ്യ എസ്. അയ്യർ, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, പാളയം ഇമാം വി.പി. ഷുഹൈബ് മൗലവി, ഇടവക വികാരി ഫാ. മോൻസിഞ്ഞോർ നിക്കോളാസ് എന്നിവർ സംബന്ധിച്ചു. ചീഫ് സെക്രട്ടറി ഡോ. വി. വേണു സ്വാഗതമാശംസിച്ച ചടങ്ങിൽ തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് റിപ്പോർട്ട് അവതരിപ്പിച്ചു.
ഡാനിഷ് കണ്ടെയ്‌നർ ഷിപ്പ് കമ്പനി മെർസ്‌ക് ലൈനിന്‍റെ കപ്പലാണ് വിഴിഞ്ഞത്തെത്തിയത്. രണ്ടായിരത്തോളം കണ്ടെയ്‌നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുന്നത്. ഒക്‌ടോബറിൽ തുറമുഖം കമ്മിഷൻ ചെയ്യാനാണ് തീരുമാനം. അവസാന ഘട്ടങ്ങളിലെ പദ്ധതികളും പൂർത്തിയാക്കി 2028ൽ വിഴിഞ്ഞ സമ്പൂര്‍ണ തുറമുഖമായി മാറും.
ഉമ്മൻ ചാണ്ടിയെ പരാമർശിക്കാതെ പിണറായി
പദ്ധതിയുടെ പ്രതിസന്ധിയും നാൾവഴികളുമടക്കം വിവരിച്ചെങ്കിലും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേയോ അന്നത്തെ തുറമുഖ മന്ത്രി കെ. ബാബുവിന്‍റെയോ പേര് എവിടെയും പരാമർശിക്കാതെയായിരുന്നു പിണറായി വിജയൻ പ്രസംഗം അവസാനിപ്പിച്ചത്. മുൻ മുഖ്യമന്ത്രിമാരായിരുന്ന ഇ.കെ. നായനാർ, വി.എസ്. അച്യുതാനന്ദൻ എന്നിവരുടെ പേരുകളും മിണ്ടിയില്ല. അതേസമയം, കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് തുറമുഖ മന്ത്രിയായിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളി, രണ്ടാം സർക്കാരിന്‍റെ കാലത്ത് ചുരുക്കം സമയം മന്ത്രിയായിരുന്ന അഹമ്മദ് ദേവർകോവിൽ എന്നിവരുടെ പേര് എടുത്ത് പറഞ്ഞ് പ്രശംസിച്ചു എന്നതും ശ്രദ്ധേയമായി.
കൂടാതെ, കരാറുകാരായ അദാനി ഗ്രൂപ്പിന്‍റെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. കരൺ അദാനിയുടെ പേരും അദ്ദേഹം എടുത്തുപറഞ്ഞു. കരാര്‍ കമ്പനിയായ അദാനി ഗ്രൂപ്പിന്‍റെ പ്രവര്‍ത്തനങ്ങളാണ് ഈയൊരു ദിവസത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. പബ്ലിക്- പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പിന്‍റെ ഉത്തമ ഉദാഹരണമാണ് വിഴിഞ്ഞം തുറമുഖം. സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാന്‍ സഹായിച്ച തുറമുഖത്തിന്‍റെ കരാറുകാരായ അദാനി ഗ്രൂപ്പിനെ അഭിനന്ദിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ചടങ്ങിലേക്കു ക്ഷണിച്ചിരുന്നില്ല. തിരുവനന്തപുരത്തെ എംപിയായ ഡോ. ശശി തരൂർ ചടങ്ങിന് എത്തിയതുമില്ല. എന്നാൽ, കോവളം എംഎൽഎ എം. വിൻസന്‍റ് എത്തി ഉമ്മൻ ചാണ്ടിയെയും യുഡിഎഫ് സർക്കാരിനെയും പ്രശംസിച്ചു.