അജയൻ
കൊച്ചി: ഈ വർഷം രാജ്യത്ത് ഉഷ്ണതരംഗം കാരണം ഏറ്റവും കൂടുതലാളുകൾ മരിച്ചത് കേരളത്തിലാണെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് തെറ്റാണെന്ന് ശാസ്ത്രജ്ഞർ. ലോക്‌സഭയുടെ മേശപ്പുറത്തു വച്ച വിവരങ്ങൾ പ്രകാരം ഈ വർഷം 264 പേരാണ് രാജ്യത്ത് ഉഷ്ണതരംഗം കാരണം മരിച്ചത്. ഇതിൽ 120 പേർ കേരളത്തിലായിരുന്നു. ഗുജറാത്ത് (35), തെലങ്കാന (20), മഹാരാഷ്‌ട്ര (14) എന്നീ സംസ്ഥാനങ്ങൾ പിന്നാലെ.
അഞ്ച് വർഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതലാളുകൾ ഉഷ്ണതരംഗം മൂലം മരിച്ചത് 2023ലാണെന്നും കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കിൽ ചൂണ്ടിക്കാട്ടുന്നു. 2015ലാണ് ഇതു സംബന്ധിച്ച കണക്കുകൾ രേഖപ്പെടുത്തിത്തുടങ്ങിയത്. അതിനു ശേഷം ഇതുവരെ ഉഷ്ണതരംഗം മൂലം ഒരാൾ പോലും മരിക്കാത്ത സംസ്ഥാനം ഹിമാചൽ പ്രദേശാണ്.
എന്നാൽ, കേന്ദ്ര സഹമന്ത്രി എസ്.പി. സിങ് ബഘേൽ അവതരിപ്പിച്ച കണക്ക് അടിസ്ഥാനരഹിതമാണെന്നാണ് മെട്രൊ വാർത്തയോടു സംസാരിച്ച വിദഗ്ധർ സമർഥിക്കുന്നത്.
''അടിസ്ഥാനരഹിതവും സംശയാസ്പദവുമാണിത്'', കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ അറ്റ്മോസ്ഫറിക് സയൻസ് വകുപ്പിലെ മുതിർന്ന ശാസ്ത്രജ്ഞൻ പറയുന്നു.
മാർച്ച് മുതൽ ഓഗസ്റ്റ് വരെ ഉത്തരാർഥ ഗോളത്തിൽ വേനൽക്കാലമാണ്. ഭൂമധ്യരേഖയോട് അടുത്തു കിടക്കുന്ന കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ലഭിക്കുന്നതും ഇതേ സമയത്താണ്. അതിനാലാണ് ഇവിടെ 40 ഡിഗ്രി സെൽഷ്യസിനപ്പുറം താപനില ഉയരാത്തത്. മൺസൂൺ സമയം ഇതല്ലായിരുന്നെങ്കിൽ കേരളത്തിലെ താപനില ഈ സമയത്ത് 48-50 ഡിഗ്രി വരെ എത്തുമായിരുന്നു. ഇതിനു പുറമേ, ഒരു വശത്ത് കടലും മറു വശത്ത് മലകളുമായി കിടക്കുന്ന വീതി കുറഞ്ഞ ഭൂഭാഗമാണ് കേരളം.
ഏതാനും വർഷങ്ങളായി ജൂണിലെ മഴ ശരാശരിയിലും കുറയുന്ന അവസ്ഥ ദൃശ്യമാണ്. മേഘാവൃതമായ കാലാവസ്ഥ തുടരുകയും മഴ മതിയായ അളവിൽ പെയ്യാതിരിക്കുകയും ചെയ്യുമ്പോൾ അന്തരീക്ഷത്തിലെ താപനില ഗണ്യമായി ഉയരും. അപ്പോഴും കേരളത്തിൽ ആരെങ്കിലും ഈ വർഷം ഉഷ്ണവാതം കാരണം മരിച്ചതായി തെളിഞ്ഞിട്ടില്ലെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ കണക്കനുസരിച്ച്, 1901 മുതൽ ദക്ഷിണേന്ത്യയിലെ ഉയർന്ന ശരാശരി താപനില 34.05 ഡിഗ്രി സെൽഷ്യസാണ്.