ജിബി സദാശിവന്‍
കൊച്ചി: യുഡിഎഫിന്‍റെ ഉറച്ച കോട്ടയായിരുന്നു ഒരിക്കല്‍ മധ്യ കേരളം. കേരള കോണ്‍ഗ്രസുകളുടെ പിറവികളും പിളര്‍പ്പുകളും മധ്യകേരളത്തിന്‍റെ രാഷ്‌ട്രീയ മനസിന്‍റെ പ്രതിഫലനങ്ങളായിരുന്നു. മുസ്ലിം ലീഗിനെ ഒഴിച്ച് നിര്‍ത്തിയാല്‍ യുഡിഎഫ് എന്ന മുന്നണിയുടെ നിലനില്‍പ്പ് തന്നെ മധ്യകേരളത്തിന്‍റെ രാഷ്‌ട്രീയ ചിന്താഗതികള്‍ക്ക് അനുസൃതമായിരുന്നു. യുഡിഎഫിന്‍റെ നെടുംതൂണുകളായിരുന്ന ഉമ്മന്‍ചാണ്ടിയുടെയും കെ.എം. മാണിയുടെയും സാന്നിധ്യമില്ലാതെയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ്.
മധ്യകേരളം എന്നും സിപിഎമ്മിനും ഇടതുമുന്നണിക്കും ബാലികേറാമലയായിരുന്നു. അതിനൊരു കാരണം കേരള കോണ്‍ഗ്രസുകളുടെ ശക്തമായ സാന്നിധ്യവും ക്രൈസ്തവ വോട്ടുകളുടെ പിന്‍ബലവുമായിരുന്നു. ചെറിയ ഒരു കാലയളവ് ഒഴികെ ചങ്ങനാശേരി ആസ്ഥാനമായ എന്‍എസ്എസിന്‍റെ പരസ്യവും രഹസ്യവുമായ പിന്തുണ യുഡിഎഫിനായിരുന്നു.
അതേസമയം, മധ്യകേരളത്തിലെ കേരള കോണ്‍ഗ്രസ് പ്രബല വിഭാഗമായ മാണി ഗ്രൂപ്പ് ഇപ്പോൾ ഇടതുമുന്നണിക്കൊപ്പമാണ്. ഉമ്മന്‍ ചാണ്ടി എന്ന ജനപ്രിയ നേതാവിന്‍റെ അസാന്നിധ്യം കോണ്‍ഗ്രസിനെയും ബാധിക്കുന്നുണ്ട്. ഇടതുമുന്നണിക്ക് മധ്യകേരളത്തിലെ ജനങ്ങളുടെ മനസിലേക്ക് അധികം ഇടിച്ചു കയറാന്‍ കഴിഞ്ഞില്ലെങ്കിലും പഴയ സ്ഥിതിയില്‍ നിന്ന് മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മധ്യ കേരളത്തിന്‍റെ രാഷ്‌ട്രീയ മനസില്‍ കയറിക്കൂടാനൊന്നും കഴിഞ്ഞില്ലെങ്കിലും ചെറിയൊരിടം കണ്ടെത്താന്‍ ബിജെപിക്കും കഴിഞ്ഞിട്ടുണ്ട്. മറ്റു പാർട്ടികളുടെ വോട്ട് വിഹിതത്തിൽ ഇത് നിർണായക സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. എസ്എൻഡിപി യോഗത്തിനു കോട്ടയത്തു ശക്തമായ സാന്നിധ്യമുള്ളത് ബിഡിജെഎസ് സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിക്ക് സഹായമാകുമെന്ന പ്രതീക്ഷ ബിജെപിക്കുണ്ട്.
ആലപ്പുഴ ഒഴികെ മധ്യകേരളത്തിലെ എല്ലാ ലോക്സഭാ മണ്ഡലങ്ങളില്‍ നിലവില്‍ യുഡിഎഫ് എം പിമാരാണ്. കോട്ടയം മണ്ഡലത്തില്‍ സിറ്റിങ് എംപി തോമസ് ചാഴികാടൻ ഇപ്പോൾ ഇടതുമുന്നണിയുടെ ഭാഗമാണെങ്കിലും, ജയിച്ചത് യുഡിഎഫ് പ്രതിനിധിയായാണ്. കെ.എം. മാണിയുടെ മകന്‍ ജോസ് കെ. മാണി ഇടതുമുന്നണിയുടെ ഭാഗമായി മത്സരിച്ചപ്പോള്‍ പരാജയപ്പെട്ടതും ചരിത്രം.
ആലപ്പുഴയില്‍ കെ.സി. വേണുഗോപാല്‍ കളത്തിലിറങ്ങിയതോടെ നിലവിലുള്ള എംപി എ.എം. ആരിഫിന്‍റെ നില പരുങ്ങലിലാണ്. ശോഭ സുരേന്ദ്രന്‍റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ബിജെപിയും പൊരുതാനുറച്ചു തന്നെ. ഇവിടെയും തങ്ങളുടെ സ്ഥാനാർഥിക്ക് എസ്എന്‍ഡിപി പിന്തുണ കിട്ടുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
എറണാകുളം ജില്ലാ ഇപ്പോഴും കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും ഉരുക്കുകോട്ടയായി തുടരുന്നു. തൃശൂരില്‍ സുരേഷ് ഗോപി നേരിട്ടിറങ്ങിയതോടെ ഫലം പ്രവചനാതീതമായി. ഇടുക്കിയില്‍ നിലവിലെ എംപി ഡീന്‍ കുര്യാക്കോസിനാണ് മുന്‍തൂക്കം. എന്നാല്‍, എൽഡിഎഫ് സ്ഥാനാർഥിയും മുൻ എംപിയുമായ ജോയ്സ് ജോർജ് ദുർബലനല്ല. ബിഡിജെഎസ് സ്ഥാനാര്‍ഥിയാണ് ഇവിടെയും എൻഡിഎയ്ക്കു വേണ്ടി രംഗത്തിറങ്ങുന്നത്.
ഇടതുമുന്നണിയോട് പൊതുവെ അകലം പാലിക്കുന്നതായിരുന്നു മധ്യകേരളത്തിലെ രാഷ്‌ട്രീയ മനസ്. ഇക്കുറിയും അത് മാറാന്‍ തക്ക രാഷ്‌ട്രീയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. പക്ഷേ, ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ ബിജെപിയോടുള്ള മനോഭാവത്തൽ വന്ന മാറ്റം വോട്ട് വിഹിതത്തിൽ പ്രതിഫലിച്ചേക്കും.
മധ്യകേരളത്തിലെ പ്രധാന ജില്ലകളായ എറണാകുളം, ഇടുക്കി ജില്ലകളില്‍ വനാതിര്‍ത്തികളിലെ കാട്ടുമൃഗ ശല്യവും ഇത്തവണ ജനഹിതത്തെ സ്വാധീനിച്ചേക്കും. റബര്‍ വിലയിടിവും കാര്‍ഷിക മേഖലയോടുള്ള അവഗണനയുമെല്ലാം ചര്‍ച്ചയാകും.