തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വിളിച്ചുചേര്‍ത്ത പ്രീ ബജറ്റ് ചര്‍ച്ചയില്‍ 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കെജ് ആവശ്യപ്പെട്ടതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 2022-23ലെയും 2023-24 ലെയും കടമെടുപ്പ് പരിധിയിലെ വെട്ടിക്കുറവ് മൂലമുണ്ടായ നഷ്ടം നികത്താനുള്ള പാക്കെജാണ് ആവശ്യപ്പെട്ടത്. ജിഎസ്ഡിപിയുടെ 3% ആണ് നിലവിലെ കടമെടുപ്പ് പരിധി. ഒപ്പം ഊര്‍ജ മേഖലയുമായി ബന്ധപ്പെട്ട അര ശതമാനവും ചേര്‍ത്ത് 3.5% കടമെടുപ്പ് അവകാശമാണ് ഉണ്ടായിരുന്നത്. എന്നാല്‍ 2022-23ല്‍ 2.44% മാത്രം എടുക്കാനാണ് അനുവദിച്ചത്. കഴിഞ്ഞ വര്‍ഷമാകട്ടെ 2.88%.
14-ാം ധന കമ്മിഷനെ അപേക്ഷിച്ച് നിലവിലെ 15ാം ധന കമ്മിഷന്‍ കാലയളവില്‍ കേന്ദ്ര നികുതി വിഹിതത്തില്‍ പ്രതിവര്‍ഷം 15,000 കോടി രൂപയുടെയെങ്കിലും കുറവ് സംസ്ഥാനത്തിന് നേരിടേണ്ടിവരുന്നു. ഇതെല്ലാം ബോധ്യപ്പെടുത്തിയാണ് പ്രത്യേക പാക്കെജ് ആവശ്യം. വിഴിഞ്ഞം തുറമുഖ പദ്ധതി തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് 5,000 കോടിയുടെ പ്രത്യേക പാക്കെജ് ആവശ്യപ്പെട്ടിട്ടുണ്ട്. 8,867 കോടിയുടെ പദ്ധതിയില്‍ 5,595 കോടിയും സംസ്ഥാനമാണ് വഹിക്കുന്നത്. 818 കോടി മാത്രമാണ് കേന്ദ്ര വിഹിതം. കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച മൂലധന നിക്ഷേപ വായ്പാ പദ്ധതിയില്‍ നിന്ന് ബ്രാന്‍ഡിങ്ങിന്‍റെ പേരു പറഞ്ഞ് കേരളത്തിന് സഹായം നിഷേധിച്ചു.
കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്ക പാത, റെയ്‌ല്‍വേ സംവിധാനങ്ങളുടെ നവീകരണവും ശാക്തീകരണവും, എയിംസ്, റബറിന്‍റെ താങ്ങുവില ഉയര്‍ത്തല്‍, പരമ്പരാഗത മേഖലയ്ക്ക് ആവശ്യമായ സഹായങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കേന്ദ്ര ധനമന്ത്രിയെ ധരിപ്പിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഭാഗമായി സംസ്ഥാനം ചെലവഴിച്ച കേന്ദ്രവിഹിതത്തിന്‍റെ കുടിശികയായ 3,686 കോടി രൂപയും ആവശ്യപ്പെട്ടു. ആശ, അങ്കണവാടി ഉള്‍പ്പെടെ വിവിധ സ്കീം തൊഴിലാളികളുടെയും പ്രവര്‍ത്തകരുടെയും ഓണറേറിയം കാലോചിതമായി പരിഷ്കരിക്കണം. ഇക്കാര്യങ്ങളെല്ലാം കേന്ദ്ര ബജറ്റില്‍ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ.
രണ്ടാം പിണറായി സര്‍ക്കാര്‍ ചെലവുകളെല്ലാം കുറച്ചു, ഒന്നും നല്‍കുന്നില്ല എന്നിങ്ങനെ ചിലര്‍ നടത്തുന്ന വാദം തികച്ചും അടിസ്ഥാനമില്ലാത്തതാണ്. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ 5 വര്‍ഷം പ്രതിവര്‍ഷം ശരാശരി ചെലവ് 1,20,000 കോടി രൂപയായിരുന്നു. എന്നാല്‍ കഴിഞ്ഞ 3 വര്‍ഷത്തെ ശരാശരി പ്രതിവര്‍ഷ ചെലവ് 1,60,000 കോടിയാണ്. കേന്ദ്രത്തില്‍ നിന്നുള്ള വിവിധ തുകകളില്‍ പ്രതിവര്‍ഷം 57,000 കോടി കുറവ് വരുമ്പോഴും ചെലവില്‍ 40,000 കോടിയുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്- ബാലഗോപാൽ വിശദീകരിച്ചു.