കോട്ടയം: എന്നും ഉറങ്ങുന്നയാളാണ് ഉമ്മൻ ചാണ്ടി. തൻ്റെ പിതാവ് ഉറങ്ങാതിരുന്ന ഒരു ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളു. അത് അദ്ദേഹത്തിന് എതിരെ പീഡന പരാതിയിൽ കേസ് എടുത്തപ്പോൾ മാത്രമാണെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. അത് അമ്മ പറഞ്ഞുള്ള അറിവാണ്. അന്ന് താൻ വിദ്യാർഥിയായിരുന്നു. 20 വർഷങ്ങളായി തങ്ങളെ വേട്ടയാടുകയാണ്. അതുകൊണ്ട് തന്നെ വ്യക്തഹത്യ നടത്തുന്ന നടപടികളെ പേടി കൂടാതെ താൻ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കോട്ടയം പ്രസ് ക്ലബിൽ നടന്ന മുഖാമുഖം പരിപാടിയിൽ പറഞ്ഞു.
പിതാവ് മരിച്ച സമ്മർദത്തിൽ വാക്കിൽ പിഴവ് പറ്റിയെന്ന് ഉമ്മൻചാണ്ടിയുടെ കുടലിൻ്റെ നീളം സംബന്ധിച്ചുള്ള പരാമർശത്തിൽ ചാണ്ടി ഉമ്മൻ പ്രതികരിച്ചു. 2 മാസം മുമ്പുള്ള പ്രസംഗം എങ്ങനെ ദേശാഭിമാനിക്കും കൈരളിക്കും ഇപ്പോൾ ഓർമ വന്നു. ട്രോളിയാൽ ഞങ്ങൾ കൂടുതൽ ശക്തരാകുമെന്നും ചാണ്ടി പറഞ്ഞു. ജെയ്ക്കിൻ്റെ ഭാര്യയെ സൈബറിടത്തിൽ അക്രമിച്ചയാൾക്കെതിരെ പൊലീസ് അന്വോഷണം നടത്തി നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ പദ്ധതികളെപ്പറ്റിയാണെങ്കിൽ പുതുപ്പള്ളിയെ ഒരു കായിക സെൻറ്റർ ആയി മാറ്റാൻ ഉദ്ദേശിക്കുന്നുണ്ട്. തെരഞ്ഞെടുത്ത കായിക ഇനങ്ങളുടെ സെൻ്ററായിട്ട് പുതുപളളിയെ മാറ്റാൻ പദ്ധതിയുണ്ട്. അതിൻ്റെ പണിപ്പുരയിലാണ്, അന്തിമ തീരുമാനം അടുത്ത മാസം ഉണ്ടാവും. ഗതാഗത കുരുക്ക് സംബന്ധിച്ച് അതത് ലോക്കൽ ബോർഡുകളുമായി (പഞ്ചായത്ത് തലത്തിൽ) ചർച്ച ചെയ്ത് തീരുമാനമെടുക്കും.
ഉമ്മൻ ചാണ്ടിയോട് ഒപ്പം എത്താൻ തനിക്ക് സാധിക്കില്ല. എന്നാൽ തന്നെ കൊണ്ട് ആവുന്നത് താൻ ചെയ്യും. കേരള കോൺഗ്രസിന്റെ കെ.എം മാണി കേരളം കണ്ട മികച്ച രാഷ്ട്രീയ നേതാവാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കോൺഗ്രസ് എന്നും ഒന്നാണ്. തൃക്കാക്കരയിൽ ഒറ്റക്കെട്ടായാണ് പാർട്ടി പ്രവർത്തിച്ചത്. അതേ കാര്യം പുതുപ്പള്ളിയിലും ആവർത്തിച്ചു. അതുപോലെ തന്നെയായിരിക്കും ഇനി വരുന്ന തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് പ്രവർത്തിക്കുക. യൂത്ത് കോൺഗ്രസിനെയും, കെഎസ് യു വിനെയും ഇടത് പക്ഷം ഭയക്കുന്നു. അതിനാലാണ് പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തെരഞ്ഞ് പിടിച്ച് ആക്രമിക്കുന്ന അവസ്ഥ വന്നതെന്നും സോളാർ കേസിലെ ഗുഢാലോചനയിലെ തുടരന്വേഷണത്തിൽ തന്റെ വ്യക്തിപരമായ അഭിപ്രായത്തിന് പ്രാധാന്യം ഇല്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.