സ്വന്തം ലേഖകൻ
തിരുവനന്തപുരം: പാലക്കാട്, ചേലക്കര നിയമസഭാ സീറ്റുകളിലേക്കും വയനാട് ലോക്സഭാ സീറ്റിലേക്കും ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കാനിരിക്കെ സ്ഥാനാർഥി പ്രഖ്യാപനത്തിനായുള്ള ചർച്ചകളിലാണ് പ്രധാന പാർട്ടികൾ. ഷാഫി പറമ്പിൽ വടകരയിൽ നിന്നും കെ.രാധാകൃഷ്ണൻ ആലത്തൂരിൽ നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണ് പാലക്കാട്ടും ചേലക്കരയിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. രാഹുൽ ഗാന്ധിയുടെ മണ്ഡലമായിരുന്ന വയനാട്ടിലേക്കുള്ള സ്ഥാനാർഥി ചർച്ചകൾ സിപിഐയും കോൺഗ്രസും ആരംഭിച്ചിട്ടുണ്ട്.
ചേലക്കരയില്‍ മുന്‍ എംഎല്‍.എ യുആര്‍ പ്രദീപിനെ തന്നെ സ്ഥാനാര്‍ഥിയാക്കാനാണ് സിപിഎം ആലോചന. പാലക്കാട് ഉചിതമായ സ്ഥാനാര്‍ഥിയെ കണ്ടെത്താനും ജില്ലാ ഘടത്തിന് നിര്‍ദേശം നല്‍കി. ഇരു മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർഥികളെ ചർച്ചകൾക്ക് ശേഷം സിപിഎം അടുത്താഴ്ച പ്രഖ്യാപിക്കുമെന്നാണ് വിവരം. അടുത്താഴ്ച ആദ്യം വിജ്ഞാപനം വരുമെന്ന് പ്രതീക്ഷയിലാണ് തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ ജില്ലാ കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയത്. വരുന്ന വെള്ളിയാഴ്ചത്തെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ സ്ഥാനാര്‍ഥികളെ അന്തിമമായി തീരുമാനിക്കും. ഏറെ രാഷ്ട്രീയവെല്ലുവിളികള്‍ നേരിടുന്ന സമയത്താണ് സിപിഎം തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നതെന്നതിനാൽ കൈപ്പിടിയിലുള്ള ചേലക്കര നിലനിർത്തുകയാണ് പ്രധാനം. അതിന് ശേഷം മാത്രമേ പാലക്കാട് പാര്‍ട്ടിക്ക് മുന്‍പിലുള്ളത്. കെ.രാധാകൃഷ്ണന് വേണ്ടി മാറിക്കൊടുത്ത യു.ആര്‍. പ്രദീപിനെ തന്നെ വീണ്ടും സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ വിജയം ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയാണ് സിപിഎം കേന്ദ്രങ്ങൾ പങ്കുവെയ്ക്കുന്നത്.
പാലക്കാട് ബിജെപിയുടെ വോട്ടും ചേലക്കരയിലെ സിപിഎം വോട്ടും മറികടക്കാനാകുന്ന ജനകീയരെ സ്ഥാനാർഥികളാക്കണമെന്ന നിർദേശമാണ് കോൺഗ്രസ് ഹൈക്കമാൻഡിൽ നിന്നും എത്തിയിരിക്കുന്നത്. ഷാഫിയുടെ പിന്മുറക്കാരനായെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിനെയാണ് പാലക്കാടേക്ക് പ്രധാനമായും പരിഗണിക്കുന്നത്. എന്നാല്‍ പാലക്കാട്ടെ കോണ്‍ഗ്രസില്‍ ഈ നീക്കത്തോട് എതിര്‍പ്പുണ്ട്. കെപിസിസി സോഷ്യല്‍ മീഡിയാസെല്‍ ചെയര്‍മാന്‍ പി.സരിനായി ഒരു വിഭാഗവും കെപിസിസി വൈസ് പ്രസിഡന്‍റ് വി.ടി ബൽറാമിന്‍റെ പേര് നിർദേശിച്ച് മറ്റൊരു വിഭാഗവും ശക്തമായി രംഗത്തുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിൽ ആലത്തൂരില്‍ തോറ്റ രമ്യ ഹരിദാസിന് ചേലക്കരയില്‍ ഒരവസരം നല്‍കുന്നതില്‍ ഏകദേശ ധാരണയായിട്ടുണ്ട്. രാധാകൃഷ്ണൻ മാറുന്നതോടെ ചേലക്കരയിലെ സിപിഎം വോട്ടുകളും ഭിന്നിച്ച് കോൺഗ്രസിലേക്കെത്തുമെന്നാണ് മണ്ഡലത്തിൽ നിന്നും ലഭിച്ചിരിക്കുന്ന റിപ്പോർട്ട്. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയാണ് സ്ഥാനാര്‍ഥിയെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചതാണ്.
കോർ കമ്മിറ്റി അംഗം ശോഭ സുരേന്ദ്രന്‍, പാലക്കാട്ടുകാരനായ സി. കൃഷ്ണകുമാര്‍ എന്നിവരാണ് ബിജെപി പരിഗണനയിലുള്ളത്. പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ മികച്ച പ്രകടനം കൃഷ്ണകുമാറിന്‍റെ സാധ്യത വര്‍ധിപ്പിക്കുന്നു. ആലത്തൂരില്‍ മത്സരിച്ച ടി.എന്‍ സരസു ചേലക്കരയില്‍ ബിജെപി സ്ഥാനാര്‍ഥിയാകും എന്നാണ് വിവരം. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ആരെ മത്സരിപ്പിക്കണം എന്നതില്‍ ബിജെപിയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിക്കെതിരെ ദേശീയ നേതൃത്വത്തിന്‍റെ നിര്‍ദേശപ്രകാരം സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് മത്സരിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവിനെ തന്നെ മത്സരിപ്പിക്കണോ എന്നകാര്യം ദേശീയ നേതൃത്വം തീരുമാനിക്കുമെന്നാണ് ബിജെപി സംസ്ഥാന നേതാക്കൾ നൽകുന്ന വിവരം.