അഗ്നിബാധ: മുന്‍കരുതല്‍ എടുക്കണമെന്ന് മുഖ്യമന്ത്രി

കെട്ടിടങ്ങളിലെ സ്ഥിരം അഗ്‌നിശമന സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കണം. തീ കത്താന്‍ സാധ്യതയുള്ള വസ്തുക്കള്‍ കൂട്ടിയിടരുത്
അഗ്നിബാധ: മുന്‍കരുതല്‍ എടുക്കണമെന്ന് മുഖ്യമന്ത്രി
Updated on

കാലാവസ്ഥാ വ്യതിയാനം മൂലം  വേനല്‍ക്കാലം എത്തും മുന്‍പു തന്നെ ചൂട് വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ അഗ്‌നിബാധയടക്കം ഒഴിവാക്കാന്‍ സാധ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് തരം തീപിടുത്തവും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനെ അറിയിക്കണം. അഗ്‌നിബാധയും മറ്റ് അപകടങ്ങളും അഗ്‌നിരക്ഷാ വകുപ്പിനെ 101 എന്ന നമ്പറില്‍ സമയബന്ധിതമായി അറിയിക്കാനും ശ്രദ്ധിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. 

അഗ്‌നിബാധയ്ക്ക് ഇടയാക്കുന്ന തരത്തില്‍ തീക്കൊള്ളിയും മറ്റും അലക്ഷ്യമായി വലിച്ചെറിയരുത്. പൊതുസ്ഥലങ്ങളില്‍ മാലിന്യം കത്തിക്കരുത്. മാലിന്യവും മറ്റും കത്തിച്ച സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. കെട്ടിടങ്ങള്‍ക്ക് സമീപം തീ പടരാന്‍ സാധ്യതയുള്ള എന്തെങ്കിലും ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യണം. പൊതുസ്ഥലങ്ങളില്‍ പുകവലി നിര്‍ബന്ധമായും ഒഴിവാക്കുക. മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളില്‍ പൊട്ടിത്തെറിക്കുന്നതോ ആളിക്കത്തുന്നതോ ആയ ദ്രാവകങ്ങള്‍ അടങ്ങിയ കുപ്പികളോ സമാനമായ മറ്റു വസ്തുക്കളോ ഇടാതിരിക്കുക എന്നിവയും പ്രധാനമാണ്.

കെട്ടിടങ്ങളിലെ സ്ഥിരം അഗ്‌നിശമന സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കണം. തീ കത്താന്‍ സാധ്യതയുള്ള വസ്തുക്കള്‍ കൂട്ടിയിടരുത്. വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോഴും ശേഷവും അഗ്‌നിബാധയ്ക്കുള്ള സാധ്യത ഒഴിവാക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണം. രാത്രിയില്‍ മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഉപകരണങ്ങളില്‍ നിന്നും അഗ്‌നിബാധയ്ക്കുള്ള സാധ്യത ഒഴിവാക്കണം.

ഒഴിഞ്ഞ പറമ്പുകളിലും പുരയിടങ്ങളിലും കത്താന്‍ പര്യാപ്തമായ രീതിയില്‍ പുല്ലും സസ്യലതാദികളും ഉണങ്ങി നില്‍ക്കുന്നവ നീക്കം ചെയ്യണം. കാട്ടുതീ തടയുന്നതിനും കാട്ടുതീ മൂലം അപകടം ഒഴിവാക്കുന്നതിനും വിനോദ സഞ്ചാരികളടക്കം ശ്രദ്ധിക്കണം. വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ അസ്വാഭാവികമായ മണമോ മറ്റോ അനുഭവപ്പെട്ടാല്‍ പരിശോധിച്ചതിനുശേഷം മാത്രം യാത്ര തുടരുക. വാഹനങ്ങളില്‍ തീ പടരാതിരിക്കാനുള്ള മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Trending

No stories found.

Latest News

No stories found.