തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തെന്ന കേസ് ലോകായുക്ത ഫുൾ ബെഞ്ച് ഈ മാസം പന്ത്രണ്ടിന് പരിഗണിക്കും. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദ്, ബാബു മാത്യു പി. ജോസഫ് എന്നിവരടങ്ങുന്നതാണു ഫുൾ ബെഞ്ച്. ലോകായുക്തക്ക് ഈ കേസ് പരിഗണിക്കാനാകുമോ എന്ന വിഷയമടക്കം ഫുൾ ബെഞ്ച് പരിശോധിക്കും.
നേരത്തെ കേസിൽ രണ്ടംഗ ബെഞ്ചിനു ഭിന്നാഭിപ്രായമുള്ളതിനാൽ ഫുൾ ബെഞ്ചിനു വിടാൻ തീരുമാനമെടുത്തിരുന്നു. നേരത്തെ വാദം പൂർത്തിയായ കേസാണെങ്കിലും വിധി പറയുന്നത് ഒരു വർഷത്തോളം നീണ്ടു. ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുക വകമാറ്റി ചെലവഴിച്ച സംഭവങ്ങളിലാണു ലോകായുക്ത കേസ് എടുത്തത്. എൻസിപി നേതാവ് ഉഴവൂർ വിജയന്‍റെ മക്കളുടെ വിദ്യാഭ്യാസ ചെലവിനും, അന്തരിച്ച ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രൻ നായരുടെ മകന് ദുരിതാശ്വാസ നിധിയിൽ നിന്നും തുക അനുവദിച്ചതിനും എതിരെയായിരുന്നു കേസ്.