സംസ്ഥാനങ്ങളെ എങ്ങനെ ഞെരുക്കി കൊല്ലാനാവുമെന്നാണ് കേന്ദ്രഭരണകൂടം ചിന്തിക്കുന്നത്; ചിറ്റയം ഗോപകുമാര്‍

കാര്‍ഷികമേഖലയടക്കം കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്ന നയമാണ് കേന്ദ്രം സ്വീകരിക്കുന്നത്.
ചിറ്റയം ഗോപകുമാർ സംസാരിക്കുന്നു
ചിറ്റയം ഗോപകുമാർ സംസാരിക്കുന്നു
Updated on

കോട്ടയം: സംസ്ഥാനങ്ങളെ എങ്ങനെ ഞെരുക്കി കൊല്ലാനാവുമെന്നാണ് കേന്ദ്രഭരണകൂടം ചിന്തിക്കുന്നതെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. സപ്ലൈകോ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (എഐടിയുസി) സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സിഎസ്ഐ റിട്രീറ്റ് സെന്‍ററില്‍ നടന്ന പൊതുവിതരണരംഗം നേരിടുന്ന പ്രതിസന്ധികള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്താദ്യമായി ഭക്ഷ്യഭദ്രത ഉറപ്പാക്കിയ സംസ്ഥാനമാണ് കേരളം. എന്നാല്‍ കേരളത്തിന് അര്‍ഹമായ റേഷന്‍ വിഹിതം വെട്ടിക്കുറച്ചുകൊണ്ടുവന്ന് പൊതുവിതരണ സമ്പ്രദായം തന്നെ ഇല്ലാതാകാന്‍ പോകുന്ന സാഹചര്യമാണ് കേന്ദ്രം സൃഷ്ടിക്കുന്നത്. പൊതു കമ്പോളത്തിലെ വിലവര്‍ധന ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃക തീര്‍ത്ത് മാവേലി സ്റ്റോറുകള്‍ കൊണ്ടുവന്നത് ഇ ചന്ദ്രശേഖരന്‍നായരുടെ കാലത്താണ്. കാലാകാലങ്ങളില്‍ തുടര്‍ന്നുവന്ന എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ഇത് ശക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നു.

കാര്‍ഷികമേഖലയടക്കം കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്ന നയമാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഉല്‍പ്പാദനവും സംഭരണവും വിപണനവും വിതരണവും മാത്രമല്ല വിലനിര്‍ണയാധികാരം കൂടി അവരിലേക്ക് എത്തി. ഇത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതിനെ മറികടക്കണമെങ്കില്‍ പൊതുവിതരണ ശൃംഖല ശക്തിപ്പെടണം. ഇതിന് ആവശ്യമായ ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യോഗത്തില്‍ എഐടിയുസി ജില്ലാ സെക്രട്ടറി അഡ്വ. വി.കെ സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. എഐടിയുസി സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു, ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ ശശിധരന്‍, ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു, ബികെഎംയു സംസ്ഥാന സെക്രട്ടറി പി.കെ കൃഷ്ണന്‍, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കൗണ്‍സില്‍ പി.എസ് സന്തോഷ് കുമാര്‍, സുരേഷ് മുഖന്തല, അഡ്വ. ബിനുബോസ്, പി.കെ ശശി ,അഡ്വ. സുനില്‍ മോഹന്‍, ബി. രാമചന്ദ്രന്‍, എ.ഡി അജീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.