പി.ബി ബിച്ചു
തിരുവനന്തപുരം: അച്ചടിപ്പിശക് ശ്രദ്ധയിൽപ്പെട്ടതോടെ സർക്കാരിന്റെ ഔദ്യോഗിക വെബ് സൈറ്റിലെ കലണ്ടർ തിരുത്തി. പ്രിന്റ് ചെയ്ത കലണ്ടറിലെ തെറ്റ് ശ്രദ്ധയിൽപെട്ടാൽ പകരം മാറ്റി നൽകാമെന്ന് അച്ചടി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
2024 പുതുവർഷത്തിൽ സർക്കാർ പ്രസ് വഴി അച്ചടിച്ച് നൽകിയ ലക്ഷക്കണക്കിന് കലണ്ടറുകളിൽ ചിലതിലാണ് അച്ചടിപ്പിശക് കടന്ന് കൂടിയത്. അച്ചടിച്ചതും ഓൺലൈനിലുമുള്ള കലണ്ടറിൽ വ്യാപക തെറ്റ് കടന്ന് കൂടിയ വിവരം ഇന്നലെ മെട്രൊ വാർത്ത വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വെബ് സൈറ്റിൽ തിരുത്തൽ വരുത്തിയത്.
നവംബർ മാസത്തിൽ 28 എന്ന തീയതിയും ഏപ്രിൽ മാസത്തിൽ 25-26 എന്നീ തീയതികളും ഡിസംബർ 12 ന് ശേഷം ഒരു ദിവസം പോലും കലണ്ടറിലില്ലാതെയുമാണ് ഓൺലൈൻ കലണ്ടർ പ്രസിദ്ധീകരിച്ചിരുന്നത്. ഈ ദിവസങ്ങൾക്കായി ഒഴിച്ചിട്ട കോളങ്ങൾ മാത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈൻ കലണ്ടറിൽ കാണാനായിരുന്നത്. എന്നാൽ വാർത്ത വന്നതോടെ കലണ്ടർ തയാറാക്കിയ സി ഡിറ്റ് പിഴവ് പരിഹരിക്കുകയായിരുന്നു.
സാങ്കേതിക തകരാറാണ് വെബ് സൈറ്റിലുണ്ടായതെന്നാണ് സി ഡിറ്റ് അധികൃതരുടെ നിലപാട്. വെബ് സൈറ്റ് കംപ്യൂട്ടറിലൂടെ ഉപയോഗിക്കുന്നതിലാണ് അത്തരത്തിൽ പിഴവ് കാണപ്പെട്ടത്. എന്നാൽ, മൊബൈൽ ഫോൺ വഴി പരിശോധിക്കുന്നവർക്ക് തെറ്റില്ലാത്ത കലണ്ടർ തന്നെയാണ് കാണാനാകുകയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സെക്രട്ടേറിയറ്റിലടക്കം വിതരണം ചെയ്ത കലണ്ടറുകളിൽ മാർച്ച് മാസമോ, പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ മാസമോ കാണാനില്ലാതായതോടെയാണ് വിഷയം അച്ചടിവകുപ്പ് പരിശോധിച്ചത്.