തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവുമായുള്ള തര്‍ക്കത്തില്‍ എംഎൽഎ സച്ചിൻ ദേവിനും മേയർ ആര്യക്കും ക്ലീൻ ചിറ്റ് നൽകി പൊലീസ്. മേയറും എംഎൽഎയും മോശം ഭാഷ ഉപയോഗിച്ചുവെന്നതിനും ബസിൽ അതിക്രമിച്ചു കയറിയെന്നതിനും തെളിവില്ലെന്നും വ്യക്തമാക്കിക്കൊണ്ട് തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് കോടതിയില്‍ റിപ്പോർട്ട് സമര്‍പ്പിച്ചു. ബസിന്‍റെ ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ച് തുറക്കുന്ന വാതിൽ യദു തന്നെയാണ് തുറന്നു കൊടുത്തതെന്നും റിപ്പോർട്ടിലുണ്ട്. അന്വേഷണ പുരോഗതിയിൽ കോടതി തൃപ്തി രേഖപ്പെടുത്തിയെങ്കിലും യദുവിന്‍റെ ഹര്‍ജികള്‍ മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണെന്ന് പ്രോസിക്യൂഷൻ വിമര്‍ശിച്ചു.
അന്വേഷണ പുരോഗതിയില്‍ വിശ്വാസം ഉണ്ടെന്ന് യദുവിന്‍റെ അഭിഭാഷകനും കോടതിയില്‍ പറഞ്ഞു. മേയര്‍ക്കെതിരായ കേസില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ഈ മാസം 30ന് വിധി പറയും.
മേയര്‍ക്കെതിരെ കന്‍റോണ്‍മെന്‍റ് പൊലീസില്‍ നല്‍കിയ പരാതിയില്‍ കാര്യമായ അന്വേഷണം നടക്കുന്നില്ലെന്ന് കോടതിയെ ബോധിപ്പിച്ച യദു തനിക്കെതിരെ മേയര്‍ കൊടുത്ത പരാതിയില്‍ പൊലീസ് അതിവേഗം നടപടികള്‍ സ്വീകരിക്കുന്നുവെന്നും കുറ്റപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്നാവശ്യപ്പെട്ട് യദു തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുന്നത്. അന്വേഷണം തൃപ്തികരമായി മുന്നോട്ട് പോവുകയാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
അതേസമയം, യദുവിന്‍റെ ഹര്‍ജികള്‍ മാധ്യമ ശ്രദ്ധക്കുവേണ്ടിയാണെന്നും യദുവിനെതിരെ നേരത്തെ ലൈഗിംക അതിക്രമ കേസുള്‍പ്പെടെയുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. നാല്, അഞ്ച് പ്രതികള്‍ ആരാണന്നും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. 14 ഡോക്യുമെന്‍റുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. മേയര്‍ക്കും സച്ചിന്‍ദേവിനുമൊപ്പം സഞ്ചരിച്ച കന്യാകുമാരി സ്വദേശി രാജീവാണ് നാലാമത്തെ പ്രതി. മേയറുടെ സഹോദരന്‍റെ ഭാര്യ ആര്യയാണ് അഞ്ചാം പ്രതി. നേരത്തെ പ്രതിപട്ടികയില്‍ നാല്, അഞ്ച് പ്രതികള്‍ ആരെന്ന് ഉണ്ടായിരുന്നില്ല.അതേസമയം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന യദുവിന്‍റെ ഹര്‍ജി 29 ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ഏപ്രിലിലാണ് പാളയത്ത് വെച്ചായിരുന്നു തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ വെച്ച് വാക്കേറ്റമുണ്ടായത്. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയില്‍ ഓടിച്ചെന്നും പിന്നാലെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്നുമായിരുന്നു മേയറുടെ പരാതി. ആര്യ രാജേന്ദ്രന്‍റെ പരാതിയില്‍ യദുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ യദു പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാന്‍ ആദ്യം പൊലീസ് തയ്യാറായിരുന്നില്ല. പിന്നീട് കോടതിയെ സമീപിച്ചതോടെയാണ് മേയര്‍ക്കും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എക്കുമെതിരെ കേസെടുത്തത്. കേസിലെ നിർണായക തെളിവായ ബസിലെ മെമ്മറി കാർഡ് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.