ഈ അവഗണന വെല്ലുവിളി

CM Pinarayi Vijayan on union budget 2024
ഈ അവഗണന വെല്ലുവിളി CM Pinarayi Vijayan- file
Updated on

പിണറായി വിജയൻ

കൊച്ചി: ഒറ്റ നോട്ടത്തിൽ തന്നെ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്‍റിൽ അവതരിപ്പിച്ചത്. ദേശീയ പ്രാധാന്യമുള്ള 8 ലക്ഷ്യങ്ങള്‍ എന്ന മുഖവുരയോടെ ധനമന്ത്രി പ്രഖ്യാപിച്ച കാര്യങ്ങളില്‍ കേരളം ഉള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുകയാണ്. ഏതെങ്കിലും സംസ്ഥാനത്തിന് ആവശ്യമായ വികസന പദ്ധതി പ്രഖ്യാപിക്കുന്നതിൽ എതിര്‍പ്പില്ല. എന്നാൽ, ഏതെങ്കിലും സംസ്ഥാനത്തെ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ല.

കേരളം പോലുള്ള സംസ്ഥാനങ്ങളുടെ മുന്നോട്ടുള്ള പ്രയാണം തടയുന്ന സമീപനമാണിത്. കേരളം നിരന്തരം ഉയർത്തിയ സുപ്രധാന ആവശ്യങ്ങൾ പരിഗണിക്കാൻ തയാറാകാത്തത് ഇന്നാട്ടിലെ ജനങ്ങളോടാകെയുള്ള വെല്ലുവിളിയാണ്. ബജറ്റ് നിർദേശങ്ങൾ വിശദമായി പരിശോധിച്ച ശേഷം കേരളത്തിന്‍റെ ആവശ്യങ്ങൾ കേന്ദ്രത്തിനു മുന്നിൽ ആവർത്തിച്ച് ഉന്നയിക്കാൻ യോജിച്ച ശ്രമം നടത്തും. കേന്ദ്ര സര്‍ക്കാരിന്‍റെ ഇന്നത്തെ രാഷ്‌ട്രീയ നിലനില്‍പ്പിന് അനിവാര്യമായ പ്രഖ്യാപനങ്ങളാണ് നടത്തിയിട്ടുള്ളത്. നമ്മുടെ ദീര്‍ഘകാല ആവശ്യങ്ങളായ എയിംസ് ഉള്‍പ്പെടെയുള്ളവ പരിഗണിച്ചതായി കാണുന്നില്ല. പ്രകൃതി ദുരന്ത നിവാരണ കാര്യങ്ങളിലും ടൂറിസം മേഖലയിലും പരിഗണിച്ചിട്ടില്ല. ഈ അവഗണ നിരാശാജനകവും പ്രതിഷേധാർഹവുമാണ്.

കാര്‍ഷിക മേഖലയില്‍ പ്രഖ്യാപിച്ച ചില കാര്യങ്ങള്‍ സംസ്ഥാനങ്ങള്‍ നേരിട്ട് ഇടപെട്ട് നടത്തേണ്ടവയാണ്. ഇതിന് ഏറ്റവും അനിവാര്യമായത് സംസ്ഥാനങ്ങളുടെ സാമ്പത്തിക ശാക്തീകരണമാണ്. അതു സാധ്യമാകാതെ കാർഷികാഭിവൃദ്ധി എങ്ങനെ കൈവരിക്കാനാകും? വായ്പാ പരിധി നിയന്ത്രണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്രം കൈക്കൊള്ളുന്ന സമീപനം കാരണം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം ചെലവിടാന്‍ സംസ്ഥാനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കും അതില്‍ സാമ്പത്തിക ചെലവുണ്ട്. നഗരവികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ സംസ്ഥാനത്തിന്‍റെ നികുതി അധികാരങ്ങളില്‍ കേന്ദ്രം കൈകടത്തുന്നതായാണ് കാണുന്നത്. സ്റ്റാംപ് ഡ്യൂട്ടി കുറയ്ക്കേണ്ടതുണ്ടെന്ന കാര്യം കേന്ദ്ര ധനമന്ത്രിയുടെ പ്രസംഗത്തില്‍ പരാമർശിച്ചിരിക്കുന്നു. ജിഎസ്ടി നിലവില്‍ വന്നതിനു ശേഷം സംസ്ഥാനങ്ങള്‍ക്ക് വളരെ പരിമിതമായ തനത് നികുതി അധികാരം മാത്രമേയുള്ളൂ. അതുപോലും കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെ കേന്ദ്ര നിബന്ധനകള്‍ക്ക് വിധേയമാക്കാനാണ് ബജറ്റില്‍ ശ്രമം നടത്തിയിരിക്കുന്നത്. ഇത് ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്തതാണ്.

Trending

No stories found.

Latest News

No stories found.