സ്ഥിരീകരിച്ച് മുഖ്യമന്ത്രി: കഴിയുന്നവരെയെല്ലാം ര‍ക്ഷിച്ചു, ആരും ഇനി ജീവനോടെ ബാക്കിയില്ല

ക്യാമ്പിൽ കഴിയുന്ന കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പിക്കും. കുട്ടികൾ ഉള്ള സ്ഥലത്തിരുന്ന് വിദ്യാഭ്യാസം തുടരാം.
cm pinarayi vijayan on wayanad landslide rescue mission
സ്ഥിരീകരിച്ച് മുഖ്യമന്ത്രി: കഴിയുന്നവരെയെല്ലാം ര‍ക്ഷിച്ചു, ആരും ഇനി ജീവനോടെ ബാക്കിയില്ല
Updated on

കൽപറ്റ: മുണ്ടക്കൈയിലെ ഉരുൾപൊട്ടലിൽ രക്ഷിക്കാൻ കഴിയുന്നവരെയെല്ലാം രക്ഷിച്ചെന്നും ഇനി ആരും അവിടെ ജീവനോടെ ബാക്കിയില്ലെന്നുമാണ് സൈന്യം അവലോകന യോഗത്തിൽ അറിയിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മുണ്ടക്കൈയിലും ചാലിയാറിലും തിരച്ചിൽ ഊർജിതമായി തുടരുമെന്നും ബെയ്‌ലി പാലം പൂർത്തിയായതോടെ കൂടുതൽ യന്ത്രങ്ങൾ എത്തിച്ച് തിരച്ചിൽ വേഗത്തിൽ നടക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുണ്ടക്കൈയിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി ദുരിത ബാധിതർക്ക് നേരിട്ട് സഹായം നൽകാനായി ആരും വരരുതെന്നും അത് സ്വീകരിക്കാനാവില്ലെന്നും വ്യക്തമാക്കി. വയനാട്ടിൽ സർവകക്ഷി യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉരുൾപൊട്ടൽ ദുരന്തമേഖലയിൽ രക്ഷാ-ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രിസഭാ ഉപസമിതി വയനാട്ടിൽ തുടരും. റവന്യൂ മന്ത്രി കെ. രാജൻ, വനംമന്ത്രി എ.കെ. ശശീന്ദ്രൻ, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്, പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി ഒ.ആർ. കേളു എന്നിവരടങ്ങുന്ന ഉപസമിതിയാണ് പ്രവർത്തിക്കുക. നിലവിൽ രക്ഷാപ്രവർത്തനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാൽ തൽക്കാലം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിൽ തന്നെ താമസിപ്പിക്കും. ക്യാമ്പിൽ കഴിയുന്ന കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പിക്കും. കുട്ടികൾ ഉള്ള സ്ഥലത്തിരുന്ന് വിദ്യാഭ്യാസം തുടരാം. വിദ്യാഭ്യാസ വകുപ്പ് ഇതിനായി പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കും. ആളുകളുടെ സ്വകാര്യത മാനിക്കുന്ന വിധത്തിൽ ആയിരിക്കും ക്യാമ്പുകളുടെ പ്രവർത്തനം. അതിനാൽ ദുരിതാശ്വാസ ക്യാമ്പുകൾക്കുള്ളിൽ പോയി മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തരുത്. ക്യാമ്പിൽ താമസിക്കുന്നവരുടെ സ്വകാര്യത മാനിക്കണം. ക്യാമ്പിനകത്ത് താമസിക്കുന്നവരെ കാണാൻ പോകുന്നവർക്ക് സംസാരിക്കാൻ ഒരു പൊതു സൗകര്യം ഒരുക്കും.

ആദിവാസി കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാനുള്ള ശ്രമം തുടരും. ഭക്ഷണം കൃത്യമായി എത്തിക്കാനുള്ള ക്രമീകരണം ഒരുക്കും. പകർച്ചവ്യാധി തടയേണ്ടത് അത്യാവശ്യമാണ്, അതിനായി എല്ലാവരും സഹകരിക്കണം. ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പുകൾ പാലിക്കണം. ചത്ത വീട്ടുമൃഗങ്ങളെ കൃത്യമായി സംസ്കരിക്കണം. ഏതാനും ആഴ്ചകൾ കൊണ്ട് പരിഹരിക്കാൻ കഴിയുന്ന പ്രശ്നമല്ല മുണ്ടക്കൈയിലേതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Trending

No stories found.

Latest News

No stories found.