കൊച്ചി: മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയ കീഴ്‌ക്കോടതി ഉത്തരവ് തെറ്റെന്ന് അമിക്കസ് ക്യൂറി.കേസിൽ തെളിവില്ലെന്ന കീഴ്കോടതി ഉത്തര്വ പ്രഥമദൃഷ്ട്യാ ശരിയല്ലെന്നും ഇന്‍ററിം സെറ്റിൽമെന്‍റ് ബോർഡിന്‍റെ റിപ്പോർട്ട് കോടതി പരിഗണിച്ചില്ലെന്നും അമിക്കസ് ക്യൂറി കണ്ടെത്തി.
സിഎംആര്‍എല്‍ കമ്പനിയുടെ സിഇഒയും സിഎഫ്ഒയും രാഷ്ട്രീയക്കാർക്ക് പണം നൽകിയിട്ടുണ്ടെന്ന് മൊഴി നൽകിയിട്ടുണ്ട്. വിചാരണ കോടതി ഹർജി പ്രാഥമിക അന്വേഷണത്തിന് വിടണമായിരുന്നുവെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കുന്നു. അമിക്കസ് ക്യൂറിയുടെ വാദം കേട്ടശേഷം ഹർജി കോടതി വിധി പറയാൻ മാറ്റി.
ഗിരിഷ് ബാബുവിന്‍റെ മരണശേഷം ഹർജിയുമായി മുന്നോട്ട് പോകാൻ താൽപര്യം ഇല്ലെന്ന് കുടുംബം അറിയിച്ചതിനെ തുടർന്നാണ് കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചത്. വീണ വിജയന് പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ രാഷ്ട്രീയ നേതാക്കൾക്കെതിരേ അന്വേഷണം വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.