ഐഎഎസ് തലപ്പത്തെ പോര് തുടരുന്നു; കെ. ഗോപാലകൃഷ്ണനെതിരേ പ്രശാന്ത് അനുകൂലികൾ

റൂൾസ് ഓഫ് ബിസിനസ് ചട്ടം ലംഘിച്ചാണ് ഗോപാലകൃഷ്ണനെ നിയമിച്ചുളള ഈ ഉത്തരവ് ഇറങ്ങിയതെന്നാണ് ജീവനക്കാർ ആക്ഷേപം ഉന്നയിക്കുന്നത്.
 N Prasanth, K Gopalakrishnan
എൻ. പ്രശാന്ത്, കെ. ഗോപാലകൃഷ്ണൻ
Updated on

തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ പോരിൽ വ്യവസായ വകുപ്പ് സെക്രട്ടറിക്കും കൃഷിവകുപ്പ് അഡീഷണൽ സെക്രട്ടറിക്കും സസ്പെൻഷൻ നേരിടേണ്ടിവന്നിട്ടും സമൂഹ്യമാധ്യമങ്ങളിൽ ഇരുവിഭാഗത്തെയും അനുകൂലിക്കുന്ന സർക്കാർ ജീവനക്കാർ ആരോപണ-പ്രത്യാരോപണങ്ങൾ തുടരുകയാണ്. മതാടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയതിൽ സർക്കാർ നടപടി നേരിടേണ്ടിവന്ന മുൻ വ്യവസായ വകുപ്പ് സെക്രട്ടറി കെ. ഗോപാലകൃഷ്ണൻ ഉന്നതി സിഇഒ ആയത് ചട്ടംലംഘിച്ചെന്ന ആക്ഷേപവുമായി എൻ. പ്രശാന്ത് അനുകൂലികൾ രംഗത്തെത്തി .

ഉന്നതി സിഇഒയുടെ നിയമനം വേഗത്തിലാക്കുന്നതിന് എല്ലാ നടപടികളും കൈകൊണ്ടത് അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകാണെന്നത് തെളിയിക്കുന്ന രേഖകളും പുറത്തുവിട്ടാണ് പ്രചാരണം. പട്ടിക ജാതി-പട്ടിക വർഗ വകുപ്പിന് കീഴിലെ ഉന്നതിയിൽ അന്നത്തെ മന്ത്രി കെ. രാധാകൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ക്കിടെയാണ് ഗോപാലകൃഷ്ണന് വേണ്ടി ഫയൽ നീക്കം നടന്നതെന്നാണ് വിവരം. അതുകൊണ്ടുതന്നെ ഇക്കാര്യം മന്ത്രിയും മുഖ്യമന്ത്രിയും അറിഞ്ഞിരുന്നില്ല. ഉത്തരവിറക്കാൻ മുൻകൈ എടുത്തത് ജയതിലക് ആയിരുന്നു. ഇതിനായി ഉന്നതിയുടെ നിലവിലെ ഫയൽ മറച്ചുവെച്ച് പുതിയ ഫയലുണ്ടാക്കി. ഈ ഫയൽ നീക്കിയ ദിവസം തന്നെ ഉത്തരവും ഇറങ്ങി. ഫയൽ തുടങ്ങിയത് മാർച്ച് 16 ന് ഉച്ചയ്ക്ക് 1.07നാണ്. ഉച്ചയ്ക്ക് ശേഷം 3.07 ന് ഫയലിൽ തീരുമാനമാകുന്നുണ്ട്. റൂൾസ് ഓഫ് ബിസിനസ് ചട്ടം ലംഘിച്ചാണ് ഗോപാലകൃഷ്ണനെ നിയമിച്ചുളള ഈ ഉത്തരവ് ഇറങ്ങിയതെന്നാണ് ജീവനക്കാർ ആക്ഷേപം ഉന്നയിക്കുന്നത്.

മന്ത്രിയോ ചീഫ് സെക്രട്ടറി വഴി മുഖ്യമന്ത്രിയോ ഉത്തരവിറക്കേണ്ട ഫയലിൽ ആരും അറിയാതെ ജയതിലക് നേരിട്ട് ഉത്തരവിറക്കുകയായിരുന്നുവെന്നും വിമർശനമുയരുന്നു. ജയതിലക്‌ തന്നെയായിരുന്നു ഈ ഉത്തരവിന്‍റെ കരടും അംഗീകരിച്ചത്. എൻ. പ്രശാന്ത് സ്ഥാനത്തുനിന്ന് മാറിയതിന് ശേഷമായിരുന്നു ജയതിലകിന്‍റെ ചട്ടവിരുദ്ധ നീക്കമെന്നും സമൂഹ്യമാധ്യമങ്ങളിൽ പ്രശാന്ത് അനുകൂലികളായ ഉദ്യോഗസ്ഥർ പങ്കുവെക്കുന്നു.

Trending

No stories found.

Latest News

No stories found.