നൂറ്റി നാല്‍പ്പതു മണ്ഡലങ്ങളിലും കമ്യൂണിറ്റി സ്‌കില്‍ സെന്ററുകള്‍ സ്ഥാപിക്കും: മന്ത്രി ഡോ. ആര്‍. ബിന്ദു

യുവ ശക്തിയിലൂടെ കേരളത്തെ നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റും
നൂറ്റി നാല്‍പ്പതു മണ്ഡലങ്ങളിലും കമ്യൂണിറ്റി സ്‌കില്‍ സെന്ററുകള്‍ സ്ഥാപിക്കും: മന്ത്രി ഡോ. ആര്‍. ബിന്ദു
Updated on

തിരുവല്ല : സമീപ ഭാവിയില്‍ നൂറ്റി നാല്‍പ്പതു മണ്ഡലങ്ങളിലും കമ്യൂണിറ്റി സ്‌കില്‍ സെന്ററുകള്‍ സ്ഥാപിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. അസാപ്പ് കേരള കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സ്ഥാപിച്ച ഇലക്ട്രിക് വെഹിക്കിള്‍ സെന്റര്‍ ഓഫ് എക്സലന്‍സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അഭിമാന സ്ഥാപനമാണ് അസാപ്പ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രമല്ല പൊതു സമൂഹത്തിലും വൈദഗ്ധ്യ നൈപുണ്യം ലഭ്യമാക്കുക എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് അസാപ്പ്. പരിസ്ഥിതി സൗഹാര്‍ദ പരമായ ഇലക്ട്രിക് വെഹിക്കിളുകള്‍ ജനങ്ങള്‍ക്ക് ആശ്വാസകരമായി മാറുകയാണ്. ഇലക്ട്രിക് വാഹനങ്ങളില്‍ വൈദഗ്ധ്യമുള്ള യുവതയെ വാര്‍ത്തെടുക്കുക എന്നത് അത്യാവശ്യമാണ്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്‍ഡസ്ട്രികളുമായുള്ള ബന്ധം ശക്തിപ്പെടുത്തും. യുവ ശക്തിയിലൂടെ കേരളത്തെ നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റും എന്ന് മന്ത്രി പറഞ്ഞു.

പട്ടികജാതി വികസന വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അസാപ്പ് കേരള കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക് വെഹിക്കിള്‍ സെന്റര്‍ ഓഫ് എക്സലന്‍സ് സ്ഥാപിച്ചത്. വൈദ്യുത വാഹനങ്ങളുടെ ഉപയോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ യുവാക്കളെയും വാഹനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെയും ഇതില്‍ നൈപുണ്യമുള്ളവരാക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും തൊഴില്‍ നഷ്ടം തടയാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇംപീരിയല്‍ സൊസൈറ്റി ഓഫ് ഇന്നോവേറ്റീവ് എന്‍ജിനിയേഴ്സ് ഇന്ത്യയുടെ സാങ്കേതിക പങ്കാളികളായി എംജി മോട്ടോഴ്സ്, ഹീറോ ഇലക്ട്രിക് എന്നിവയുടെ വ്യാവസായിക പങ്കാളിത്തത്തോടെയാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുക.

അഡ്വ.മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു . ആന്റോ ആന്റണി എംപി മുഖ്യ പ്രഭാഷണം നടത്തി. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, കുന്നന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എന്‍.മോഹനന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ.മധുസൂദനന്‍ നായര്‍,

അസാപ് ചെയര്‍പേഴ്സണും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഉഷ ടൈറ്റസ്, പട്ടികജാതി വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അരവിന്ദാക്ഷന്‍ ചെട്ടിയാര്‍, ഐഎസ്ഐഇ ഫൗണ്ടറും പ്രസിഡന്റുമായ വിനോദ് കെ ഗുപ്ത, വിഎവിഇ-എംജി നര്‍ച്വര്‍ ടെക്നിക്കല്‍ ഡയറക്ടര്‍ സമീര്‍ ജിന്‍ഡല്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.