സൗകര്യങ്ങളില്ല, അധ്യാപകർക്ക് യോഗ്യതയുമില്ല: സ്വാശ്രയ കോളെജുകൾക്കെതിരേ പരാതി

കോളെജുകളില്‍ ചിലത് അച്ചടക്കത്തിന്‍റെ പേരില്‍ കഠിന നിയമങ്ങളാണ് ഏർപ്പെടുത്തുന്നത്. അതിലേറ്റവും പ്രധാനം 5 മിനിറ്റിലേറെ വൈകുന്നവരെ പ്രവേശിപ്പിക്കുന്നില്ല എന്നതാണ്
സൗകര്യങ്ങളില്ല, അധ്യാപകർക്ക് യോഗ്യതയുമില്ല: സ്വാശ്രയ കോളെജുകൾക്കെതിരേ പരാതി
സൗകര്യങ്ങളില്ല, അധ്യാപകർക്ക് യോഗ്യതയുമില്ല: സ്വാശ്രയ കോളെജുകൾക്കെതിരേ പരാതി
Updated on

#എം.ബി. സന്തോഷ്

തിരുവനന്തപുരം: 4 വര്‍ഷ ബിരുദ കോഴ്സുകള്‍ ആരംഭിച്ചിരിക്കേ 3 വര്‍ഷ ഡിഗ്രിക്കു തന്നെ മതിയായ സൗകര്യങ്ങളില്ലാത്തവയാണ് പല സ്വാശ്രയ കേളെജുകളുമെന്ന് പരാതി. ഇത് സംബന്ധിച്ച് കേരള സര്‍വകലാശാല അടക്കം വിവിധ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാര്‍ക്ക് തെളിവുകള്‍ സഹിതം പരാതികള്‍ ലഭിച്ചിട്ടുണ്ട്. മിന്നല്‍ പരിശോധന നടത്തിയാല്‍ തെളിവുകള്‍ കിട്ടുമെന്നാണ് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നത്.

അധ്യാപകരില്‍ പലരും യുജിസി നെറ്റ് ഉള്‍പ്പെടെ നിശ്ചിത യോഗ്യത ഇല്ലാത്തവരാണ്. വകുപ്പു മേധാവികള്‍ പോലും ഇക്കൂട്ടത്തിലുണ്ട്. പാര്‍ട്ട് ടൈം ആയി പിഎച്ച്ഡി എടുത്തവർ വരെയുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വാശ്രയ കോളെജില്‍ വകുപ്പ് മേധാവി എന്ന മുഴുവന്‍ സമയ ജോലി ചെയ്തുകൊണ്ട് മറ്റു സംസ്ഥാനങ്ങളിലെ പാര്‍ട്ട് ടൈം പിഎച്ച്ഡി എങ്ങനെ എടുക്കാനാവും എന്നാണ് ചോദ്യം. ഡിപ്ലോമക്കാര്‍ ഡിഗ്രിക്ക് ക്ലാസെടുക്കുന്ന ഒരുപാട് ഉദാഹരണങ്ങളുണ്ട്. ഇക്കൂട്ടര്‍ക്ക് തുച്ഛമായ ശമ്പളം നല്‍കിയാല്‍ മതി എന്നതാണ് മാനെജ്മെന്‍റിന്‍റെ നേട്ടം.

മിക്ക സ്വാശ്രയ കോളെജുകളിലും രണ്ടുതരം അധ്യാപകരുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. മുന്‍കൂട്ടി അറിയിച്ചുകൊണ്ടുള്ള സര്‍വകലാശാലാ പരിശോധനാ സമയത്ത് യോഗ്യതയുള്ള അധ്യാപകരെത്തും. അല്ലാത്തപ്പോള്‍ യോഗ്യതയില്ലാത്ത അധ്യാപകരും വകുപ്പധ്യക്ഷരുമാണ് ചുമതലകള്‍ നിറവേറ്റുന്നത്. ഇതിനായി 2 ഹാജര്‍ ബുക്കുകളുണ്ടെന്ന് അധ്യാപകരും സമ്മതിക്കുന്നു. സ്കൂളുകള്‍ നടത്തുന്ന മാനെജ്മെന്‍റുകള്‍ അവിടെ പിഎച്ച്ഡി അല്ലെങ്കില്‍ ഉന്നത യോഗ്യതയുള്ളവരെ കോളെജുകളില്‍ അക്കാഡമിക് ഡയറക്റ്റര്‍, 4 വര്‍ഷ ബിരുദ കോ-ഓര്‍ഡിനേറ്റര്‍ തസ്തികകകളില്‍ നിയമിക്കുന്ന അവസ്ഥ പോലുമുണ്ട്.

കോളെജുകളില്‍ ചിലത് അച്ചടക്കത്തിന്‍റെ പേരില്‍ കഠിന നിയമങ്ങളാണ് ഏർപ്പെടുത്തുന്നത്. അതിലേറ്റവും പ്രധാനം 5 മിനിറ്റിലേറെ വൈകുന്നവരെ പ്രവേശിപ്പിക്കുന്നില്ല എന്നതാണ്. പൊതു ഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്ന പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ അല്പം വൈകിയില്‍ കൂറ്റന്‍ ഗേറ്റിന് പുറത്ത് മഴയും വെയിലുമേറ്റ് മണിക്കൂറുകള്‍ കാത്തുനിന്ന് നിരാശയോടെ മടങ്ങേണ്ടിവന്ന അനുഭവങ്ങളേറെ. കളിസ്ഥലം, ലൈബ്രറി, സെമിനാര്‍ ഹാള്‍, ലബോറട്ടറി, കാന്‍റീന്‍ സൗകര്യങ്ങള്‍ മിക്കയിടത്തും പരിതാപകരമാണ്.

ഇതു ചോദ്യം ചെയ്താല്‍ ഇന്‍റേണല്‍ മാര്‍ക്ക്, ഗ്രേസ് മാര്‍ക്ക്, ഹാജര്‍ എന്നിവ നല്‍കില്ലെന്ന ഭീഷണി നേരിടേണ്ടിവരുന്നു. വിദ്യാര്‍ഥി രാഷ്‌ട്രീയം അനുവദിക്കാത്ത ഇത്തരം കോളെജുകളില്‍ അധികൃതരെ ചോദ്യം ചെയ്താല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാത്ത സ്ഥിതിയാണ്.

സ്വാശ്രയ കോളെജ് മാനെജ്മെന്‍റുകളിലേറെയും വലിയ സ്വാധീന ശക്തിയുള്ളവരും മത- സാമുദായിക പ്രസ്ഥാനങ്ങളുമാണ്. അതുകൊണ്ടുതന്നെ അത്തരക്കാരെ പിണക്കാന്‍ അധികൃതര്‍ തയാറാവുമോ എന്ന ആശങ്ക വിദ്യാര്‍ഥികൾക്കുണ്ട്.

Trending

No stories found.

Latest News

No stories found.