തിരുവനന്തപുരം: വോട്ടിങ് യന്ത്രങ്ങളുടെ തകരാർ, മന്ദഗതിയിലെ പോളിങ്, മണിക്കൂറുകളോളം വോട്ടിങ് നിർത്തിവയ്ക്കേണ്ടി വന്ന സാഹചര്യം, പോളിങ് ബൂത്തുകളിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാതിരുന്നത് തുടങ്ങിയ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളിന് പരാതി നൽകിയെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്‍റ് എം.എം. ഹസൻ.
ഉദ്യോഗസ്ഥരുടെ അപര്യാപതയും വോട്ടിങ് മെഷീനിൽ വോട്ട് രേഖപ്പെടുത്തുന്നതിന് വേണ്ടിവന്ന സമയദൈർഘ്യവും കാരണം വോട്ടർമാർക്ക് ഏറെനേരം കാത്തുനിൽക്കേണ്ടിവന്നുവെന്ന് വ്യാപകമായ പരാതിയുണ്ട്. നാലുമണിക്കൂറോളം വോട്ട് ചെയ്യാനായി കാത്തുനിന്നവരുണ്ട്. മനസുമടുത്ത് വോട്ടു ചെയ്യാതെ പോയവരുമുണ്ട്. മൊത്തത്തിൽ വോട്ടിങ് മെഷീനുകൾക്ക് തകരാർ വന്നത് ബോധപൂർവമായ ഏതെങ്കിലും നടപടിയുടെ ഭാഗമാണോയെന്ന് സംശയമുണ്ട്. ഇതേക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു.
പത്തനംതിട്ടയിൽ മൂന്നുമണിക്കൂറോളം വോട്ടിങ് നിർത്തിവെച്ചിട്ടും അവിടെ വോട്ടിങ്ങിന് കൂടുതൽ സമയം അനുവദിച്ചില്ല. ഇതുസംബന്ധിച്ച് പരാതിപ്പെട്ടപ്പോൾ, ആറുവരെ ക്യൂവിൽ നിന്നവർക്ക് വോട്ടു ചെയ്യാനുള്ള അവസരം നൽകുമെന്ന സാധാരണ മറുപടി മാത്രമാണ് ലഭിച്ചത്. കാസർകോട്, കണ്ണൂർ മണ്ഡലങ്ങളിലെ പാർട്ടി ഗ്രാമങ്ങളിൽ കള്ളവോട്ടും ബൂത്തുപിടുത്തവും ഉണ്ടായി.
വടകരയിൽ ഓപ്പൺ വോട്ടിലെ ക്രമക്കേടിന് കൂട്ടുനിന്ന രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്യുന്ന സാഹചര്യവുമുണ്ടായി. ഇവർക്ക് സസ്പെൻഷൻ മാത്രം പോര കർശനമായ ശിക്ഷ നൽകണമെന്ന് എം.എം. ഹസൻ ആവശ്യപ്പെട്ടു. ഒരു മണ്ഡലത്തിലും യുഡിഎഫിന് പരാജയഭീതിയില്ല. ഫലം വരുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ജനങ്ങളുടെ മറുപടിയായി അത് മാറുമെന്നും ഹസൻ വ്യക്തമാക്കി.