തദ്ദേശ തെരഞ്ഞെടുപ്പിന് അടിത്തട്ടിൽ ഒരുക്കം തുടങ്ങി കോണ്‍ഗ്രസ്

അതത് പ്രദേശത്തെ സാമൂഹികസംഘടനകളുമായി ബന്ധപ്പെട്ടാകും മണ്ഡലം കമ്മിറ്റികളുടെ പ്രവര്‍ത്തനം
തദ്ദേശ തെരഞ്ഞെടുപ്പിന് അടിത്തട്ടിൽ ഒരുക്കം തുടങ്ങി കോണ്‍ഗ്രസ്
congress
Updated on

#സ്വന്തം ലേഖകന്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രാദേശിക തലത്തിലെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ഡിസിസികള്‍ക്ക് നിര്‍ദേശം. ബൂത്ത്, ബ്ലോക്ക് , മണ്ഡലം, ഭാരവാഹികളെ നേരില്‍കണ്ട് പ്രവര്‍ത്തനം വിലയിരുത്താനും തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കുന്നതിനുമാണ് ഡിസിസികള്‍ക്ക് നിര്‍ദേശമെത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങള്‍ക്കും പെര്‍ഫോമന്‍സ് ഓഡിറ്റ് നടപ്പാക്കുമ്പോള്‍ ഡിസിസി, ബ്ലോക്ക്, മണ്ഡലംതലം വരെയുള്ള നേതാക്കളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നത് കെപിസിസി ഭാരവാഹികളാകും. അതത് പ്രദേശത്തെ സാമൂഹികസംഘടനകളുമായി ബന്ധപ്പെട്ടാകും മണ്ഡലം കമ്മിറ്റികളുടെ പ്രവര്‍ത്തനം.

മതസംഘടനകള്‍, ആരാധനാലയങ്ങള്‍ എന്നിവയുമായി മുന്‍പുണ്ടായിരുന്ന ഗാഢബന്ധം കുറഞ്ഞത് ആ സ്ഥാനങ്ങളിലേക്ക് വര്‍ഗീയസംഘടനകളുള്‍പ്പെടെ നുഴഞ്ഞുകയറാനിടയാക്കിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പ്രാദേശിക മേഖലയിലെ പ്രവര്‍ത്തനം ശക്തമാക്കാനുള്ള തീരുമാനം. ഗ്രന്ഥശാലകള്‍, യൂത്ത് ക്ലബ്ബുകള്‍, ജീവകാര്യണ്യസംഘടനകള്‍, കുടുംബശ്രീ, കുടുംബയോഗങ്ങള്‍, വാട്സാപ്പ് കൂട്ടായ്മകള്‍ എന്നിവയുമായി സഹകരിക്കും. ബ്ലോക്ക് തലത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഒരു സംഘടന രജിസ്റ്റര്‍ചെയ്ത് പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശിച്ചു.

പാര്‍ട്ടിയുടെ എല്ലാതലത്തിലുമുള്ള നേതാക്കന്മാര്‍ മാസത്തില്‍ ഒരുദിവസമെങ്കിലും സ്വന്തം വാര്‍ഡില്‍ പൂര്‍ണമായും പാര്‍ട്ടിപ്രവര്‍ത്തനം നടത്തണം. ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ മാസത്തില്‍ 15 ദിവസമെങ്കിലും ജില്ലയില്‍ തങ്ങി പരിപാടികള്‍ ഏകോപിപ്പിക്കണം. പഞ്ചായത്തുമുതല്‍ ജില്ലവരെ തദ്ദേശവാര്‍ഡ് വിഭജന നടപടികളില്‍ പാര്‍ട്ടിയുടെ നിര്‍ദേശം രൂപപ്പെടുത്താനായി വിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് ഡിലിമിറ്റേഷന്‍ കമ്മിറ്റികള്‍ രൂപവത്കരിക്കണം. അടിയന്തരകാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ജില്ല, അസംബ്ലി, തദ്ദേശസ്ഥാപന തലങ്ങളില്‍ പ്രധാനനേതാക്കളുടെ കോര്‍ കമ്മിറ്റി രൂപവത്കരിക്കും. ജില്ലാ, നിയോജകമണ്ഡലം തലങ്ങളില്‍ ഓഗസ്റ്റ് അഞ്ചിനുമുന്‍പായി ക്യാമ്പ് എക്സിക്യുട്ടീവുകള്‍ ചേരണം. ഓഗസ്റ്റ് ഒന്നിനും സെപ്റ്റംബര്‍ 15-നുമകം എല്ലാ തദ്ദേശസ്ഥാപന വാര്‍ഡുകളിലും വാര്‍ഡ് കമ്മിറ്റികള്‍ രൂപവത്കരിക്കണം. സ്ഥാനാര്‍ഥിനിര്‍ണയം വാര്‍ഡ് തലത്തില്‍ തന്നെ നടത്തണം തുടങ്ങിയ നിര്‍ദേശങ്ങളാണെത്തിയിരിക്കുന്നത്.

കൂടാതെ കോര്‍പ്പറേഷനുകളും ജില്ലാ പഞ്ചായത്തുകളും തിരിച്ചു പിടിക്കുന്നതിനായി മുന്‍ നിരനേതാക്കളെ തന്നെ മേഖലകളുടെയും ജില്ലകളുടെയും ചുമതലയും നല്‍കിയിട്ടുണ്ട്. കണ്ണൂര്‍-കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍, എറണാകുളം-പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കോഴിക്കോട്-കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല, തൃശൂര്‍- എഐസിസി സെക്രട്ടറി റോജി എം. ജോണ്‍, കൊല്ലം-മുന്‍ മന്ത്രി വി.എസ്. ശിവകുമാര്‍, തിരുവനന്തപുരം-പി.സി. വിഷ്ണുനാഥ് എന്നിങ്ങനെയാണ് ചുമതല നല്‍കിയത്. ജില്ലകളെ മൂന്ന് മേഖലകളാക്കി വിഭജിച്ച് കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റുമാര്‍ക്കും ചുമതല നല്‍കി.

Trending

No stories found.

Latest News

No stories found.